രൂപ 87.46
Thursday, February 6, 2025 3:42 AM IST
മുംബൈ: ആഗോള വ്യാപാരയുദ്ധത്തിന്റെ ആശങ്കകൾ നിക്ഷേപകർക്കിടയിൽ ഉയർന്നതിനെത്തുടർന്ന്, ഇന്നലെ യുഎസ് ഡോളറിനെതിരേ രൂപയുടെ മൂല്യം 39 പൈസ ഇടിഞ്ഞ് 87.46 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിൽ ക്ലോസ് ചെയ്തു. യുഎസും ചൈനയും പരസ്പരം ഇറക്കുമതിക്ക് അധികച്ചുങ്കം ഏർപ്പെടുത്തിയത് ആഗോള വ്യാപാരയുദ്ധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
കൂടാതെ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിരക്ക് കുറയ്ക്കലിലുള്ള ആശങ്കകളും വിദേശ വിപണിയിൽ അമേരിക്കൻ കറൻസി കരുത്തു നേടിയതും നിക്ഷേപകരെ കൂടുതൽ തളർത്തി.ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ, രൂപയുടെ മൂല്യം 87.13 എന്ന നിലയിലാണ് ആരംഭിച്ചത്.
പ്രതിദിന ഇടിവിൽ ഡോളറിനെതിരേ 87.49 എന്ന നിലവാരത്തിലെത്തി. ഒടുവിൽ തലേന്നത്തേക്കാൾ 39 പൈസ നഷ്ടത്തിൽ 87.46 എന്ന നിലയിലായി ക്ലോസ് ചെയ്തു. ചൊവ്വാഴ്ച നാലു പൈസ നേട്ടത്തിൽ 87.07ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ചൈനയിൽനിന്ന് സാധനങ്ങൾ ഇറക്കുമതി ചെയ്യുന്ന യുഎസ് കന്പനികൾക്ക് 10% തീരുവ ചുമത്താനുള്ള ശ്രമത്തിലാണ് യുഎസ് പ്രസിഡന്റ് ട്രംപ്. ചൊവ്വാഴ്ച ചില യുഎസ് ഉത്പന്നങ്ങൾക്ക് അധിക തീരുവയും കുത്തക വിരുദ്ധ നിയമം ഗൂഗിൾ ലംഘിക്കുന്നുണ്ടോയെന്നു കണ്ടെത്താൻ അന്വേഷണവും പ്രഖ്യാപിച്ചുകൊണ്ട് ചൈന തിരിച്ചടിച്ചു.ഡോളർ സൂചിക ആറ് കറൻസികൾക്കെതിരേ ശക്തമായ നിലയിലാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ വിലയിലും ഇടിവുണ്ടായി.
റിസർവ് ബാങ്ക് ഈ ആഴ്ച ചേരുന്ന മോണിറ്ററി പോളിസി കമ്മിറ്റിക്കു മുന്നോടിയായി നിക്ഷേപകർ ജാഗ്രതയിലാണ്.
സെൻട്രൽ ബാങ്കിന്റെ കംഫർട്ട് സോണിനുള്ളിൽ പണപ്പെരുപ്പം നിൽക്കുന്നതിനാൽ, ബെഞ്ച്മാർക്ക് പോളിസി നിരക്കുകളിൽ 25 ബേസിസ് പോയിന്റ് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് അഞ്ചു വർഷത്തിനുള്ളിൽ ആദ്യമായിരിക്കും.
കോവിഡ് മഹാമാരിയും തുടർന്നുള്ള ലോക്ക്ഡൗണും ഉണ്ടാക്കിയ പ്രതിസന്ധിയിൽ സന്പദ്വ്യവസ്ഥയെ സഹായിക്കുന്നതിനായി 2020 മേയിൽ റിസർവ് ബാങ്ക് അവസാനമായി റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് കുറച്ചിരുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ത്രിദിന യോഗം ഇന്നലെ ആരംഭിച്ചു. വെള്ളിയാഴ്ച എംപിസി നയപരമായ തീരുമാനങ്ങൾ പ്രഖ്യാപിക്കും.
ഓഹരി വിപണികളും താഴ്ചയിൽ
ഇന്ത്യൻ ഓഹരി വിപണികളും ഇന്നലെ നഷ്ടത്തിലായി. ബിഎസ്ഇ സെൻസെക്സ് 312.53 പോയിന്റ് ഇടിഞ്ഞ് 78,271.28ലും നിഫ്റ്റി 42.95 പോയിന്റിന്റെ ഇടിവിൽ 23,696.30ലുമാണ് വ്യാപാരം അവസാനിച്ചത്.
എക്സ്ചേഞ്ച് ഡാറ്റ പ്രകാരം ചൊവ്വാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐകൾ) മൂലധന വിപണികളിൽ 809.23 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങി.