ഒല ജെൻ 3 ഇലക്ട്രിക് സ്കൂട്ടറുകൾ ഇന്ന് പുറത്തിറങ്ങും
Friday, January 31, 2025 6:21 AM IST
ന്യൂഡൽഹി: പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഒല ഇലക്ട്രിക്കിന്റെ ജനറേഷൻ 3 സ്കൂട്ടറുകൾ ഇന്ന് ലോഞ്ച് ചെയ്യും. കഴിഞ്ഞ വർഷം മധ്യത്തിലാണ് കന്പനി പുതിയ മൂന്നാം തലമുറ ശ്രേണി ആദ്യമായി അവതരിപ്പിച്ചത്.
ജെൻ 3 സ്കൂട്ടറുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കന്പനി പുറത്തുവിട്ടിട്ടില്ല. പക്ഷേ നിലവിലുള്ള മോഡലുകളേക്കാൾ വളരെ കാര്യക്ഷമവും നൂതനവും ഭാരം കുറഞ്ഞതുമായിരിക്കുമെന്നും മോട്ടോർ, ബാറ്ററി, ഇലക്ട്രോണിക്സ് എന്നിവ ഒരു യൂണിറ്റിലേക്ക് സംയോജിപ്പിക്കുന്നതിനായി കന്പനി ബാറ്ററി ഘടന പരിഷ്കരിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
ഒല ഇലക്ട്രിക് സ്കൂട്ടറിലെ ജെൻ 1 പ്ലാറ്റ്ഫോമിൽ പത്തും ജെൻ 2ൽ നാലെണ്ണവും ആയിരുന്ന പ്രോസസറുകളുടെ എണ്ണം പുതിയ ജെൻ 3 പ്ലാറ്റ്ഫോമിൽ ഒരു പ്രോസസറായി കുറയ്ക്കുമെന്നും കന്പനി വ്യക്തമാക്കിയിട്ടുണ്ട്. നവീകരിച്ച പ്ലാറ്റ്ഫോം ഉപയോഗിച്ച് വയറിംഗ് സജ്ജീകരണവും അതിന്റെ സങ്കീർണതയും കുറയ്ക്കാൻ സാധിക്കുമെന്ന് കന്പനി അവകാശപ്പെടുന്നു.
നിലവിലെ മോഡലുകളിലെ പല ഫീച്ചറുകളും പുതിയതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിഷ്കരിച്ച ടിഎഫ്ടി സ്ക്രീൻ ആണ് മറ്റൊരു പ്രത്യേകത. ഈ സിസ്റ്റത്തിന് ശക്തി പകരുന്ന അപ്ഡേറ്റഡ് സോഫ്റ്റ്വേർ ഉപയോഗിക്കാൻ സാധ്യതയുണ്ട്. അഡാസ് സവിശേഷതകൾ നേരത്തേ സൂചിപ്പിച്ചിരുന്നെങ്കിലും അവ ഉടൻ നടപ്പാക്കില്ല.
ബേസ് മോഡലായ ട1 X 2kWhന് 79,999 രൂപയായിരിക്കും വില. അതേസമയം ഏറ്റവും വിലയേറിയ ഇലക്ട്രിക് സ്കൂട്ടർ മോഡലായ ട1 പ്രോയിൽ 4kWh, 3kWh വേരിയന്റുകൾക്ക് യഥാക്രമം 1.50 ലക്ഷം രൂപയും 1.29 ലക്ഷം രൂപയുമാണ് വില.