സാധാരണക്കാർക്കായി ഹോണ്ട ക്യൂസി1
Friday, January 31, 2025 11:58 PM IST
ഓട്ടോസ്പോട്ട് / അരുൺ ടോം
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ തങ്ങളുടെ ഇലക്ട്രിക്ക് സ്കൂട്ടറായ ക്യൂസി 1 വിപണിയില്‍ എത്തിച്ചിരിക്കുകയാണ്.
ഓഫീസ്, കോളജ് പോലുള്ള ദൈനംദിന ഹ്രസ്വദൂര യാത്രകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാണ് ഹോണ്ട ക്യൂസി1 നിര്‍മിച്ചിരിക്കുന്നത്. കമ്പനി വാഗ്ദാനം ചെയ്യുന്ന ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്കൂട്ടറാണ് ഹോണ്ട ക്യൂസി1. സ്കൂട്ടറിന്റെ പ്രാരംഭ വില (എക്സ്-ഷോറൂം) 90,000 രൂപയാണ്.
1.5 കിലോവാട്സിന്റെ ഫിക്സ്ഡ് ബാറ്ററിയാണ് ക്യൂസി 1ൽ ഉള്ളത്. ഇത് ഹബ് മൗണ്ട് ചെയ്ത ബുഷ്ലെസ് ഡിസി ഇലക്ട്രിക് മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്നു. വാഹനം 1.8 കിലോവാട്ട് കരുത്തും 77 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും.
പൂജ്യത്തില്‍ നിന്ന് നൂറ് ശതമാനം ബാറ്ററി ചാര്‍ജാകാന്‍ വേണ്ടത് ആറ് മണിക്കൂറും 50 മിനിറ്റുമാണ്. 80 കിലോ മീറ്ററാണ് ക്യൂസി 1 ന്റെ റേഞ്ച്. പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗത കൈവരിക്കാന്‍ 9.7 സെക്കന്‍ഡ് മതി. ഉയര്‍ന്ന വേഗത മണിക്കൂറില്‍ 50 കിലോമീറ്ററാണ്.
ഫീച്ചറുകള്‍
ഡിസൈനിന്റെ കാര്യത്തില്‍ അടിസ്ഥാന മോഡല്‍ ആയതിനാല്‍ തന്നെ ഫീച്ചറുകള്‍ കുറവാണ്. ലുക്കിന്റെ കാര്യത്തിലും ഈ കുറവുണ്ട്. ബോഡി പാനലുകള്‍ ഏതെങ്കിലും തരത്തിലുള്ള വിഷ്വല്‍ ഗ്രാഫിക്സ് കൊണ്ട് അലങ്കരിച്ചിട്ടില്ല. സ്കൂട്ടറില്‍ അഞ്ച് ഇഞ്ച് എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ഹോണ്ട നല്‍കിയിരിക്കുന്നത്. കൂടാതെ, ഫുള്‍ എല്‍ഇഡി ലൈറ്റിംഗ് സജ്ജീകരിച്ചിരിക്കുന്ന വാഹനത്തിന് യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ട് പോലുള്ള ഫീച്ചറുകളും നല്‍കിയിട്ടുണ്ട്. സീറ്റിനടിയില്‍ 26 ലിറ്റര്‍ ബൂട്ട് സ്പേസുമുണ്ട്.
ആക്ടിവ പോലെ 130 എംഎം 110 എംഎം ഡ്രം ബ്രേക്ക് സജ്ജീകരണമുണ്ട് ക്യൂസി 1 ൽ. മുന്‍വശത്ത് 12 ഇഞ്ച് വീല്‍ കോമ്പിനേഷനും പിന്നില്‍ 10 ഇഞ്ച് അലോയ് വീല്‍ കോമ്പിനേഷനും ഉണ്ട്. മുന്നില്‍ ടെലിസ്കോപിക് സസ്പെന്‍ഷനും പിന്നില്‍ ഹൈഡ്രോളിക് സസ്പെന്‍ഷനും നല്‍കിയിട്ടുണ്ട്. ഒറ്റനോട്ടത്തിൽ വാഹനത്തിന്റെ ഡിസൈന്‍ ആക്ടിവ ഇലക്ട്രിക്കിനോട് വളരെ സാമ്യമുള്ളതാണെങ്കിലും ചെറിയ വ്യത്യാസങ്ങള്‍ കാണുവാൻ കഴിയും. 89.5 കിലോഗ്രാമാണ് വാഹനത്തിന്റെ ഭാരം.
നിറങ്ങൾ
അഞ്ച് കളര്‍ ഓപ്ഷനുകളിലാണ് ക്യൂസി1 ലഭിക്കുക. പേള്‍ ഷാലോ ബ്ലൂ, പേള്‍ മിസ്റ്റി വൈറ്റ്, പേള്‍ നൈറ്റ്സ്റ്റാര്‍ ബ്ലാക്ക്, പിയര്‍ സെറിനിറ്റി ബ്ലൂ, മാറ്റ് ഫോഗി സില്‍വര്‍ മെറ്റാലിക് എന്നിങ്ങനെയാണ് നിറങ്ങൾ. ഇക്കോ, സ്റ്റാന്‍ഡേര്‍ഡ് എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളുമുണ്ട്. ഏഥര്‍ 450എക്സ്, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക്, ഒല ഇലക്ട്രിക് എസ്1 തുടങ്ങിയ മോഡലുകളാണ് പ്രധാന എതിരാളികൾ.
ക്യൂസി 1 ന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും അംഗീകൃത ഡീലര്‍ഷിപ്പ് വഴിയും 1000 രൂപയ്ക്ക് ബുക്ക് ചെയ്യാം. ഫെബ്രുവരി മുതല്‍ വാഹനം വിതരണം തുടങ്ങും. ഇന്ത്യയില്‍ ഉടനീളം സാധുതയുള്ള കെയര്‍ പ്ലസ് പാക്കേജും ഹോണ്ട പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ വില 9,900 രൂപയാണ്.
ഇത് അഞ്ച് വര്‍ഷത്തെ വാര്‍ഷിക മെയിന്റനന്‍സ് വാഗ്ദാനം ചെയ്യുന്നു. ഇതില്‍ മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയും രണ്ട് വര്‍ഷത്തെ എക്സ്റ്റെന്‍ഡഡ് വാറന്റിയും ഉള്‍പ്പെടുന്നു. ഉപഭോക്താക്കള്‍ കെയര്‍ പ്ലസ് പാക്കേജ് പ്രത്യേകം വാങ്ങണം. കൂടാതെ, സ്കൂട്ടറിന് കമ്പനി സ്റ്റാന്‍ഡേര്‍ഡായി മൂന്ന് വര്‍ഷത്തെ വാറന്റി നല്‍കുന്നുണ്ട്.