ട്രംപിന്റെ നീക്കത്തിൽ വിപണി കുതിച്ചു
Wednesday, February 5, 2025 12:05 AM IST
മുംബൈ: അയൽരാജ്യങ്ങളായ മെക്സിക്കോയ്ക്കും കാനഡയ്ക്കും ഏർപ്പെടുത്തിയ ഇറക്കുമതിച്ചുങ്കം താത്കാലികമായി മരവിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിൽ ഇന്ത്യൻ ഓഹരി വിപണി കുതിച്ചുകയറി.
ട്രംപിന്റെ പിൻവാങ്ങൽ ആഗോള വ്യാപാരയുദ്ധത്തിൽനിന്ന് താത്കാലിക ആശ്വാസം നൽകി. ഇന്ത്യയുടെ ഓഹരി വിപണികളായ സെൻസെക്സും നിഫ്റ്റിയും ഇന്നലെ രണ്ടു ശതമാനത്തിനടുത്ത് മുന്നേറ്റമാണ് നടത്തിയത്. തിങ്കളാഴ്ച നഷ്ടത്തിലാണ് സൂചികകൾ ക്ലോസ് ചെയ്തത്. ഒരു മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ് ഇന്ത്യൻ വിപണിയെത്തിയത്.
യുഎസ് പ്രസിഡന്റ് ട്രംപ് പ്രവചനാതീതമായ നിലപാട് തുടരുന്നതിനാൽ ആഗോളവിപണികളിൽ ഇപ്പോഴും ചാഞ്ചാട്ടം തുടരുകയാണ്. വിപണി വിദഗ്ധർ ഇപ്പോൾ ഏഴിലെ ആർബിഐയുടെ നയ തീരുമാനത്തിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സെൻസെക്സ് 1.8 ശതമാനം ഉയർന്ന് 1397 പോയിന്റ് നേട്ടത്തോടെ 78,583 പോയിന്റും നിഫ്റ്റി 1.6 ശതമാനത്തിൽ 378 പോയിന്റ് ഉയർന്ന് 23,739 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്. 2426 ഓഹരികൾ ഉയർന്നപ്പോൾ 1349 എണ്ണം താഴ്ന്നു. 144 എണ്ണത്തിൽ മാറ്റമുണ്ടായില്ല. ഇതോടെ ഇന്നലെ നിക്ഷേപകരുടെ വിപണി മൂല്യം 5.6 ലക്ഷം കോടിയായി ഉയർന്നു. രണ്ടു സൂചികകളും ഇപ്പോഴും അവരുടെ എക്കാലത്തെയും ഉയർന്ന നിലവാരത്തിന് 10 ശതമാനം താഴെയാണ്. ഇന്നലെ 13 മേഖലകളിൽ 12 എണ്ണവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
ശനിയാഴ്ചയാണ് കാനഡ, മെക്സിക്കോ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം ചുങ്കവും അനധികൃത കുടിയേറ്റവും മയക്കുമരുന്ന് വ്യാപാരവും ചൂണ്ടിക്കാട്ടി ചൈനീസ് ഉത്പന്നങ്ങൾക്ക് 10 ശതമാനം അധികചുങ്കവും ചുമത്തിക്കൊണ്ട് ട്രംപ് പുതിയ വ്യാപാര യുദ്ധം പ്രഖ്യാപിച്ചത്. എന്നാൽ തിങ്കളാഴ്ച അദ്ദേഹം തന്റെ നിലപാട് മയപ്പെടുത്തി, അതിർത്തി സുരക്ഷയിലും കുറ്റകൃത്യ നിർവഹണത്തിലും ശക്തമായ ഇടപെടൽ ഉറപ്പുനൽകുമെന്ന് മെക്സിക്കോയ്ക്കും കാനഡയ്ക്കും 30 ദിവസത്തെ ഇളവ് നൽകി. എന്നിരുന്നാലും, ചൈനയ്ക്കെതിരായ ഇറക്കുമതി ചുങ്കത്തിൽ മാറ്റം വരുത്തിയിട്ടില്ല.
ചൈനീസ് തിരിച്ചടി
ചൈനീസ് ഇറക്കുമതികൾക്ക് അധികചുങ്കം പ്രഖ്യാപിച്ചതിനു പിന്നാലെ യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ചില ഉത്പന്നങ്ങൾക്ക് അധിക തീരുവ ചുമത്തി ചൈന തിരിച്ചടിച്ചു. 10 മുതൽ 15 ശതമാനം വരെ അധിക നികുതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗൂഗിൾ ഉൾപ്പെടെയുള്ള യുഎസ് കന്പനികൾക്ക് ഉപരോധം ഏർപ്പെടുത്താനുള്ള സാധ്യതകളുമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.
പുതിയ തീരുവ് പ്രാബല്യത്തിൽ വന്നതോടെ യുഎസ് ഓഹരി വിപണിയും ഡോളറും ഇടിഞ്ഞു. ക്രൂഡ് വില ഏകദേശം രണ്ടു ശതമാനം കുറഞ്ഞു. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് 1.8 ശതമാനവും ബ്രെന്റ് ഫ്യൂച്ചറുകൾ 1.2 ശതമാനവും കുറഞ്ഞു.
ആഗോള വിപണികളിൽ നേട്ടവും താഴ്ചയും
മെക്സിക്കോയ്ക്കും കാനഡയ്ക്കും എതിരേയുള്ള നീക്കങ്ങൾ മരവിപ്പിച്ചതോടെ ആഗോളവിപണിയിലും മാറ്റങ്ങൾ പ്രതിഫലിച്ചു. ഏഷ്യൻ ടെക് ഓഹരികൾ ഉയർന്നു. ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ് എന്നിവിടങ്ങളിൽ സൂചികകളും നേട്ടത്തിലെത്തി. യുഎസ് ഓഹരികൾ സൂചികകൾ തുടക്കത്തിലെ വീഴ്ചയ്ക്കു ശേഷം ഉയർന്നു.
അതേസമയം, ട്രംപിന്റെ കീഴിലുള്ള യുഎസ് വ്യാപാര നയത്തിലെ സംഭവവികാസങ്ങൾ നിക്ഷേപകർ സൂക്ഷ്മമായി നിരീക്ഷിച്ചതിനാൽ യൂറോപ്യൻ ഓഹരികൾ ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് നേട്ടത്തിലെത്തി.