പരിശുദ്ധ കന്യാമറിയത്തിന്റെ വലിയ പള്ളി
Saturday, April 26, 2025 12:38 AM IST
ജെറി ജോർജ്, ബോൺ
വർഷം എഡി 352. ധനിക റോമൻ ദന്പതികളായ ജൊവാന്നിക്കും ഭാര്യക്കും കുട്ടികൾ ഉണ്ടായിരുന്നില്ല. തങ്ങളുടെ സ്വത്തുവകകൾ പരിശുദ്ധ കന്യാമറിയത്തിന് സമർപ്പിക്കാൻ തീരുമാനിച്ച അവർക്ക് ഓഗസ്റ്റ് അഞ്ചിന് ഒരു സ്വപ്നമുണ്ടായി. റോമിലെ എസ്ക്വിലീൻ കുന്നിൽ പിറ്റേന്ന് മഞ്ഞു വീണു കിടക്കുന്നതു കാണുമെന്നും അവിടെ ഒരു പള്ളി പണിയണമെന്നുമായിരുന്നു സ്വപ്നത്തിൽ ലഭിച്ച നിർദേശം.
അന്നു മാർപാപ്പയായിരുന്ന ലിബേരിയസിനെ അവർ പോയി കണ്ടു. അദ്ദേഹവും അങ്ങനെ ഒരു സ്വപ്നം കണ്ടിരുന്നു. അവർ എസ്ക്വിലീൻ കുന്നിലെത്തി മഞ്ഞു കാണുകയും അവിടെ പള്ളി പണിയാൻ നിശ്ചയിക്കുകയും ചെയ്തു. അതുകൊണ്ട് ആ പള്ളിക്ക് മഞ്ഞുമാതാവിന്റെ പള്ളി എന്ന് പേരുണ്ട്. ലിബേരിയൻ ബസിലിക്ക എന്നും അറിയപ്പെടുന്നു.
എഡി 432ൽ സിക്സ്റ്റസ് മൂന്നാമൻ പാപ്പാ ഇവിടെ ബൃഹത്തായ ഒരു പള്ളിക്ക് ശിലയിട്ടു. വലിയ റോമൻ ബസിലിക്കകളുടെ ആകൃതിയിൽ (302 അടി നീളം, 260 അടി വീതി, 246 അടി ഉയരം) പണിയപ്പെട്ട ഈ പള്ളി ഒരു ഭൂകന്പത്തെ അതിജീവിച്ചിട്ടുണ്ട്. പലതവണ പുതുക്കിപ്പണിത പള്ളിയുടെ ഇപ്പോഴത്തെ രൂപം 1740കളിൽ കൈവന്നതാണ്.
പരിശുദ്ധ മറിയത്തെ ദൈവമാതാവായി പ്രഖ്യാപിച്ച എഫേസൂസ് സൂനഹദോസിനുശേഷം (എഡി 431) ഉടനെയാണ് ഈ പള്ളി പണിതത്. പരിശുദ്ധ കന്യാമറിയത്തിന്റെ വലിയ പള്ളി (സാന്താ മരിയ മജോരെ എന്ന് ഇറ്റാലിയൻ) എന്നാണ് പേര്. റോമിലെ നാല് മേജർ അഥവാ പാട്രിയാർക്കൽ ബസിലിക്കകളിൽ ഒന്നാണിത്. അതുപോലെ വിശുദ്ധ വത്സരത്തിലെ ഏഴു പരന്പരാഗത തീർഥാടന പള്ളികളിൽ ഒന്നും.
റോമാനഗരം ഏഴു കുന്നുകളിലാണു പണിയപ്പെട്ടിരിക്കുന്നത്. അവയിലൊന്നാണ് എസ്ക്വിലിൻ കുന്ന്. വത്തിക്കാനിൽനിന്നു നാലു കിലോമീറ്റർ ദൂരം. റോമിലെ ഏറ്റവും ഉയരമേറിയ മണിമാളിക ഈ പള്ളിയിലാണ് - 75 മീറ്റർ. പള്ളിയുടെ മുൻവശത്തെ ചത്വരത്തിൽ 1587 മുതൽ നിൽക്കുന്ന ഒരു ഈജിപ്ഷ്യൻ ഒറ്റക്കൽ സ്തംഭമുണ്ട്.
പുരാതന റോമിലെ റോമൻ ഫോറത്തിൽ അഗസ്റ്റസ് ചക്രവർത്തിയുടെ ശവകുടീരത്തിൽ നിന്നിരുന്നതാണിത്. പള്ളിയുടെ മുൻവശത്തും പിൻവശത്തും ചത്വരങ്ങളുണ്ട്. പിൻവശത്തെ ചത്വരം കുന്നിന്റെ ചെരിവിലാണ്. പള്ളിയിലേക്കു നയിക്കുന്ന അതിഗംഭീരമായ പടിക്കെട്ടുണ്ട്. അവിടെനിന്നു പള്ളിയിലേക്കു പ്രവേശനമില്ല.
കുരിശാകൃതിയിലുള്ള പള്ളിയുടെ മധ്യഭാഗത്ത് (കുരിശിന്റെ തണ്ടുകൾ സന്ധിക്കുന്നിടം) പ്രധാന അൾത്താര. വർണശബളവും ചിത്രാങ്കിതവുമായ മേൽക്കട്ടി. അൾത്താരയുടെ താഴത്തെ നിലയിൽ ബെത്ലഹെമിലെ പുൽത്തൊട്ടിയുടെ തിരുശേഷിപ്പ് (സിക്കമൂർ മരത്തിന്റെ പലകകൾ) ഒരു സുവർണ പേടകത്തിൽ സംരക്ഷിച്ചിരിക്കുന്നു. മത്തായി ശ്ലീഹായുടെയും വിശുദ്ധ ജെറോമിന്റെയും തിരുശേഷിപ്പുകൾ പള്ളിയിലുണ്ട്.

മദ്ബഹായുടെ ഭിത്തിയിലുള്ള മൊസയിക്ക് വളരെ വലുതും അതിവിശിഷ്ടവുമാണ്. പരിശുദ്ധ കന്യകയെ ഈശോമിശിഹാ മുടി ധരിപ്പിക്കുന്നതാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. 1292ൽ പൂർത്തിയായതാണ് ഇത്. ഏഴു മാർപാപ്പമാരെയും വിഖ്യാതശില്പിയായ ബെർണീനിയെയും ഉൾപ്പെടെ അതിപ്രശസ്തരായ ഏതാനും പേരെ ഈ പള്ളിയിൽ സംസ്കരിച്ചിട്ടുണ്ട്. അവസാനമായി ഇവിടെ ഒരു പാപ്പായെ സംസ്കരിക്കുന്നത് 1669ലാണ് (9-ാം ക്ലെമന്റ്). എഡി 432 മുതൽ ഇന്നുവരെ ഈ പള്ളിയിൽ വിശുദ്ധ കുർബാന മുടങ്ങിയിട്ടില്ല.
പള്ളി പണിയുകയും നവീകരിക്കുകയും ചെയ്തപ്പോഴെല്ലാം അക്കാലഘട്ടത്തിലെ ഏറ്റവും വിദഗ്ധരായ ശില്പികളും കലാകാരന്മാരും അതിനോടു സഹകരിച്ചിട്ടുണ്ട്. ഏറ്റവും വിലയേറിയ മാർബിൾകൊണ്ടാണ് തറയും ഭിത്തികളും തൂണുകളുമെല്ലാം. ഹൈക്കലയുടെ മച്ചിൽ ചേതോഹരമായി ചെയ്തിരിക്കുന്ന കാസ്ക്കറ്റുകളെല്ലാം സ്വർണം പൂശിയവയാണ് - അമേരിക്കയിൽനിന്ന് ആദ്യമായി യൂറോപ്പിലേക്കു കൊണ്ടുവന്ന സ്വർണമാണ് അതിനുപയോഗിച്ചത്. ഒരൊറ്റ കലാശില്പമായ വലിയപള്ളി, റോമിലെ നൂറോളം മരിയൻ ദേവാലങ്ങളിൽ ഏറ്റവും വലുതുമാണ്.
സാലുസ് പോപ്പുളി റൊമാനി
ഹൈക്കലയുടെ ഇരുവശത്തുമായി നിരവധി കപ്പേളകളുണ്ട്. കുംഭഗോപുരങ്ങളും മേന്മയേറിയ ശില്പങ്ങളും ആകർഷകമായ ചുമർചിത്രങ്ങളുമുള്ള ഇവ ഇടത്തരം പള്ളികളുടെ വലിപ്പമുള്ളവയാണ്.
ഹൈക്കലയുടെ വലതുവശത്ത് മാമ്മോദീസാ കപ്പേള, സിസ്റ്റൈന് കപ്പേള എന്നിവയും ഇടതുവശത്ത് ചേസി കപ്പേള, സ്ഫോർസ കപ്പേള, പോളൈന് (ബൊർഗേസെ) കപ്പേള എന്നിവയുമുണ്ട്.
ബൊർഗേസെ കുടുംബാംഗമായ പോൾ അഞ്ചാമൻ 1605ൽ പാപ്പാ സ്ഥാനത്തെത്തിയശേഷം പണി തീർത്ത പോളൈൻ കപ്പേള അതേ രൂപത്തിൽ ഇന്നുമുണ്ട്. റോമൻ ജനതയുടെ സംരക്ഷക (സാലുസ് പോപ്പുളി റൊമാനി) എന്ന പേരിൽ അറിയപ്പെടുന്നതും ലൂക്കാ സുവിശേഷകൻ രചിച്ചതെന്ന് വിശ്വസിക്കുന്നതുമായ ചിത്രം സ്ഥാപിക്കുന്നതിനാണ് ഈ കപ്പേള പണിതത്.
ബൈസന്റൈന് ചിത്രലേഖന സന്പ്രദായത്തിൽപ്പെട്ട ഒരു ഐക്കൺ ആണ് ഈ ഛായാചിത്രം.എഡി 590ൽ റോമിലെത്തിയ ഈ ചിത്രം മാതൃഭക്തരായ തീർഥാടകരുടെ ഒരു പ്രധാന ലക്ഷ്യമാണ്. ദേവദാരു പലകയിൽ തീർത്ത ഈ ചിത്രത്തിന്റെ വലിപ്പം 117 x 79 സെന്റിമീറ്ററാണ്.