ട്രംപിന്റെ ഭീഷണി: ഇറാന്റെ പിന്തുണയുള്ള ഗ്രൂപ്പുകൾ ആയുധം താഴെവയ്ക്കുന്നു
Tuesday, April 8, 2025 1:20 AM IST
ബാഗ്ദാദ്: യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഭീഷണിക്കു വഴങ്ങി, ഇറാക്കിൽ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സായുധ ഗ്രൂപ്പുകൾ ആയുധം താഴെവയ്ക്കാൻ ഒരുങ്ങുന്നതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാക്കി സർക്കാർവൃത്തങ്ങളും സായുധ സംഘടനകളുടെ കമാൻഡർമാരും ഇക്കാര്യം സ്ഥിരീകരിച്ചുവെന്നാണു റിപ്പോർട്ടിൽ പറയുന്നത്.
സായുധസംഘടനകളെ പിരിച്ചുവിട്ടില്ലെങ്കിൽ അവരെ ലക്ഷ്യമിട്ട് ഇറാക്കിൽ വ്യോമാക്രണം നടത്തേണ്ടിവരുമെന്ന് ട്രംപ് ഭരണകൂടം ഇറാക്കി സർക്കാരിനു മുന്നറിയിപ്പു നല്കിയിരുന്നത്രേ. ഇതു പ്രകാരം ഇറാക്കി പ്രധാനമന്ത്രി മുഹമ്മദ് ഷിയാ അൽ സുഡാനി സായുധ ഗ്രൂപ്പുകളുടെ നേതാക്കളുമായി ചർച്ച നടത്തി.
ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന കത്തീബ് ഹിസ്ബുള്ള, നുജാബ, കത്തീബ് സയ്യദ് അൽ ഷുഹാദ, അൻസാറുള്ള അൽ ആഫിയാ എന്നീ ഗ്രൂപ്പുകൾ ആയുധം താഴെവയ്ക്കാൻ തീരുമാനിച്ചകാര്യം വാർത്താ ഏജൻസിയോട് സ്ഥിരീകരിച്ചു. കത്തീബ് ഹിസ്ബുള്ള ഇറാക്കിലെ ഏറ്റവും പ്രബല ഷിയാ സായുധ സംഘടനയാണ്.
ഇറാനിലെ വിപ്ലവഗാർഡുകളാണ് ഈ സംഘടനകൾക്ക് ആയുധവും പണവും നല്കുന്നത്. ഇറാക്കിലെ ഇസ്ലാമിക പ്രതിരോധ സേന എന്ന പേരിൽ ഇത്തരം പത്തോളം സംഘടനകളെ ഇറാൻ പരിപാലിക്കുന്നുണ്ട്. ഗാസ യുദ്ധം ആരംഭിച്ചശേഷം ഇസ്രയേലിനെതിരേയും ഇറാക്കിലെയും സിറിയയിലെയും യുഎസ് സൈനികർക്കെതിരേയും ഈ സംഘടനകൾ ഒട്ടേറെ ആക്രമണങ്ങൾ നടത്തിയിരുന്നു.
ആയുധം താഴെവയ്ക്കാനുള്ള തീരുമാനത്തിന് ഇറാന്റെ അനുമതിയുണ്ടെന്നാണു കമാൻഡർമാർ വ്യക്തമാക്കിയത്.
യുഎസും ഇസ്രയേലും ചേർന്ന് ആക്രമണം ആരംഭിച്ചാൻ തകർച്ച നേരിടേണ്ടിവരുമെന്നും അത്തരമൊരു സാഹചര്യം ഒഴിവാക്കാനായി എന്തു തീരുമാനവും എടുക്കാമെന്നാണ് വിപ്ലവഗാർഡുകൾ സായുധ സംഘടനകളെ അറിയിച്ചിരിക്കുന്നത്.