നാലു ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് വിട്ടുനല്കി
Friday, February 21, 2025 12:07 AM IST
കയ്റോ: കസ്റ്റഡിയിലിരിക്കേ മരിച്ച നാല് ഇസ്രേലി ബന്ദികളുടെ മൃതദേഹങ്ങൾ ഗാസയിലെ ഹമാസ് ഭീകരർ വിട്ടുനൽകി.
2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനിടെ തട്ടിക്കൊണ്ടുപോകപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ബന്ദിയായ കഫിർ ബിബാസ് (തട്ടിക്കൊണ്ടു പോകുന്പോൾ ഒന്പതു മാസം പ്രായം), സഹോദരൻ ഏരിയൽ ബിബാസ് (നാല്), ഇവരുടെ അമ്മ ഷിരി ബിബാസ് (33) എന്നിവരുടെയും ഒദെദ് ലിഫ്ചിറ്റ്സ് (83) എന്ന മുൻ മാധ്യമപ്രവർത്തകന്റെയും മൃതദേഹങ്ങൾ തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിൽവച്ച് റെഡ് ക്രോസിനു കൈമാറുകയായിരുന്നു.
റെഡ് ക്രോസിൽനിന്നു മൃതദേഹങ്ങൾ ഏറ്റുവാങ്ങിയ ഇസ്രേലി സേന, ശവപ്പെട്ടികളിൽ സുരക്ഷാ പരിശോധനകൾ നടത്തിയശേഷം ഇസ്രയേലിലെത്തിച്ചു.
ഇതാദ്യമായാണു ഹമാസ് ഭീകരർ ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറുന്നത്. ബിബാസ് കുടുംബം എങ്ങനെയാണു മരിച്ചതെന്നതിൽ വ്യക്തതയില്ല. ഇസ്രേലി വ്യോമാക്രമണത്തിൽ ഇവർ കൊല്ലപ്പെട്ടുവെന്ന് 2023 നവംബറിൽ ഹമാസ് അറിയിച്ചിരുന്നു.
തെക്കൻ ഇസ്രയേലിലെ നിർ ഓസിൽനിന്നാണു യാർദിൻ ബിബാസ് എന്ന മുപ്പത്തഞ്ചുകാരനെയും കുടുംബത്തെയും ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയത്. യാർദിൻ ബിബാസിനെ ഈ മാസം ഒന്നിനു മോചിപ്പിച്ചിരുന്നു.
ഒദെദ് ലിഫ്ചിറ്റ്സിന്റെ മരണം സംബന്ധിച്ചും വ്യക്തതയില്ല. സമാധാനപ്രവർത്തകൻകൂടിയായിരുന്ന ഇദ്ദേഹത്തിനൊപ്പം ഭാര്യ യോഷവെദിനെയും തട്ടിക്കൊണ്ടുപോയിരുന്നു. യോഷവെദ് നേരത്തേതന്നെ മോചിതയായി.
ഇന്നലെ ഖാൻ യൂനിസ് നഗരത്തിൽ നാലു പേരുടെയും ചിത്രങ്ങൾ പതിപ്പിച്ച ശവപ്പെട്ടികൾ പ്രത്യേക വേദിയിൽ ഗാസ നിവാസികൾക്കു മുന്നിൽ പ്രദർശിപ്പിച്ചശേഷമാണ് കൈമാറിയത്. ആയുധധാരികളായ ഹമാസ് ഭീകരരുടെ ശക്തമായ സാന്നിധ്യം മേഖലയിലുണ്ടായിരുന്നു.
ശനിയാഴ്ച ആറു ബന്ദികളെക്കൂടി കൈമാറുമെന്നാണു ഹമാസ് അറിയിച്ചിരിക്കുന്നത്. ജനുവരി 19ന് വെടിനിർത്തൽ നിലവിൽവന്നശേഷം 19 ഇസ്രേലി പൗരന്മാരും അഞ്ച് തായ്ലൻഡ് പൗരന്മാരുമാണ് ഇതുവരെ മോചിതരായിട്ടുള്ളത്.