സമാധാന സേന: ബ്രിട്ടീഷ് പദ്ധതി അംഗീകരിക്കില്ലെന്ന് റഷ്യ
Friday, February 21, 2025 12:07 AM IST
മോസ്കോ: യുദ്ധാനന്തര യുക്രെയ്നിൽ സമാധാന സേനയെ വിന്യസിക്കാനുള്ള ബ്രിട്ടീഷ് പദ്ധതി അംഗീകരിക്കില്ലെന്നു റഷ്യ. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറാണ് ഈ ആശയം മുന്നോട്ടുവച്ചത്.
വരുംദിവസങ്ങളിൽ അമേരിക്ക സന്ദർശിക്കുന്ന അദ്ദേഹം ഇതുസംബന്ധിച്ച വിശദമായ പദ്ധതി പ്രസിഡന്റ് ട്രംപിനു സമർപ്പിക്കുമെന്നാണു റിപ്പോർട്ട്. 30,000 യൂറോപ്യൻ സൈനികരെ യുക്രെയ്നിൽ വിന്യസിക്കാനാണു നീക്കം.
യുക്രെയ്നിൽ നാറ്റോ സൈനികരെ ഇറക്കാനുള്ള നീക്കമാണിതെന്നു റഷ്യൻ സർക്കാർ വക്താവ് ദിമിത്രി പെസ്കോവ് ആരോപിച്ചു. റഷ്യയുടെ സുരക്ഷയ്ക്ക് അപകമുണ്ടാക്കുന്ന ഈ നീക്കം അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രെയ്ന് എന്നെങ്കിലും നാറ്റോ അംഗത്വം നല്കാമെന്ന വാഗ്ദാനം യൂറോപ്യൻ നേതാക്കൾ പൻവലിക്കണമെന്നു സൗദിയിൽ അമേരിക്കയുമായി നടന്ന ചർച്ചയിൽ റഷ്യൻ നേതൃത്വം ആവശ്യപ്പെട്ടിരുന്നു.