മോദിയെ പുറത്താക്കാൻ ബൈഡന്റെ സഹായം: പറയാതെ പറഞ്ഞ് ട്രംപ്
Friday, February 21, 2025 3:26 AM IST
ന്യൂയോർക്ക്: ഇന്ത്യക്ക് നൽകിവന്ന യുഎസ്എഐഡി ധനസഹായം മോദി സർക്കാരിനെ അട്ടിമറിക്കാൻ ബൈഡൻ ഭരണകൂടം അനുവദിച്ചതാണെന്ന് പരോക്ഷമായി സൂചിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
""നമ്മളെന്തിന് ഇന്ത്യയിലെ വോട്ടെടുപ്പിൽ ജനകീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് 21 ദശലക്ഷം ഡോളർ അനുവദിക്കണം. ഞാൻ കരുതുന്നത് അത് മറ്റാരെയോ തെരഞ്ഞെടുക്കുന്നതിനു വേണ്ടിയുള്ള ശ്രമമായിരുന്നു’’- മിയാമിയിൽ നടന്ന എഫ്ഐഐ പ്രയോറിറ്റി ഉച്ചകോടിയിൽ ട്രംപ് പ്രസ്താവിച്ചു.
ഇന്ത്യക്ക് യുഎസ്എഐഡി സഹായം നൽകിയതിനെ കഴിഞ്ഞ ദിവസം ട്രംപ് വിമർശിച്ചിരുന്നു. ഇന്ത്യ ചുമത്തുന്ന ഉയർന്ന തീരുവ മൂലം ഇവിടെ പ്രവേശിക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
""ഇന്ത്യയിലെ വോട്ടർമാരുടെ എണ്ണം വർധിപ്പിക്കാൻ 21 ദശലക്ഷം യുഎസ് ഡോളർ ചെലവഴിക്കേണ്ടത് എന്തിനാണ്? ബൈഡൻ ഭരണകൂടം മറ്റാരെയെങ്കിലും തെരഞ്ഞെടുക്കാൻ ശ്രമിച്ചതാകാമെന്ന് ഞാൻ കരുതുന്നു.
ഇന്ത്യൻ സർക്കാരിനോട് നമ്മളിതു പറയണം. കാരണം, റഷ്യ നമ്മുടെ രാജ്യത്ത് തെരഞ്ഞെടുപ്പിൽ പണം ചെലവഴിച്ചുവെന്ന് അറിയുമ്പോൾ, ഇതൊരു ഒരു വലിയ ഡീലായിരുന്നു’’- ട്രംപ് ആരോപിച്ചു.