ഇന്ത്യക്കുള്ള 2.1 കോടി ഡോളർ യുഎസ് സഹായധനം റദ്ദാക്കി
Monday, February 17, 2025 1:26 AM IST
ന്യൂയോർക്ക്: ബോധവത്കരണത്തിലൂടെ വോട്ടിംഗ് ശതമാനം ഉയർത്തുന്നതിന് ഇന്ത്യക്കു നൽകിയിരുന്ന 2.1 കോടി ഡോളറിന്റെ സഹായധനം നിർത്തലാക്കിയതായി ട്രംപ് ഭരണകൂടം.
ചെലവുചുരുക്കലിന്റെ ഭാഗമായി ഇന്ത്യയുൾപ്പെടെ രാജ്യങ്ങൾക്കുള്ള സമാനരീതിയിലുള്ള സഹായം അവസാനിപ്പിക്കാൻ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷൻസി (ഡോജ്) തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞമാസമാണ് മസ്കിനെ ഡോജിന്റെ തലവനായി ഡോണൾഡ് ട്രംപ് നിയോഗിച്ചത്.
നികുതിദായകരുടെ നൂറുകണക്കിന് ദശലക്ഷം ഡോളർ ഉപയോഗിച്ചുള്ള നിരവധി പദ്ധതികൾ നിർത്തലാക്കിയതായി ഡോജ് സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചും ഇറക്കുമതി തീരുവ ഉയർത്തിയതും ഉൾപ്പെടെ ട്രംപ് ഭരണകൂടം തുടങ്ങിവച്ച നടപടികളുടെ ഭാഗമാണിത്.
വിവിധ രാജ്യങ്ങളിലെ ജനാധിപത്യപ്രക്രിയ ശക്തിപ്പെടുത്തുന്നതിനായി 486 ദശലക്ഷം ഡോളറാണ് അമേരിക്ക ചെലവഴിക്കുന്നത്. ഇതിലാണ് ഇന്ത്യക്കുള്ള 21 ദശലക്ഷം ഡോളർ. ബംഗ്ലാദേശിൽ രാഷ്ട്രീയ സുസ്ഥിരതയും ജനാധിപത്യ ഭരണക്രമവും ശക്തിപ്പെടുത്തുന്നതിനായി നൽകിവരുന്ന 29 ദശലക്ഷം ഡോളറിന്റെ സഹായവും നിർത്തലാക്കിയവയിൽ ഉൾപ്പെടുന്നു.
മോള്ഡോവയിലെ തെരഞ്ഞെടുപ്പ് പങ്കാളിത്തത്തിനുള്ള 22 ദശലക്ഷം ഡോളറാണ് നിർത്തലാക്കിയ മറ്റൊരു പദ്ധതി. ഏഷ്യയിലെ പഠനസാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള 47 ദശലക്ഷം ഡോളറിന്റെയും മാലിയിലെ സാമൂഹിക ഐക്യത്തിനുള്ള 14 ദശലക്ഷം ഡോളറിന്റെയും നേപ്പാളിലെ ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള 19 ദശലക്ഷം ഡോളറിന്റെയും സഹായവും നിർത്തലാക്കിയവയിൽ ഉൾപ്പെടും.
അമേരിക്കയിൽ സർക്കാർ ജീവനക്കാരുടെ എണ്ണം ഗണ്യമായി വെട്ടിക്കുറയ്ക്കുന്നതിനു മേൽനോട്ടം വഹിക്കുന്നത് ഡോജ് ആണ്. ഇതിന്റെ ഭാഗമായി ലോകത്തെ വിവിധ രാജ്യങ്ങൾക്കു സഹായം നൽകുന്ന യുഎസ് എയ്ഡ് അടച്ചുപൂട്ടുമെന്ന് മസ്ക് പ്രഖ്യാപിച്ചിരുന്നു. ലോകമെന്പാടുമായുള്ള സഹായദൗത്യങ്ങൾ നിർത്തിവയ്ക്കുന്നതായി കഴിഞ്ഞ ഏഴിന് യുഎസ് എയ്ഡ് പ്രഖ്യാപിക്കുകയും ചെയ്തു.
മസ്കിന്റെ പ്രഖ്യാപനത്തിനുമുന്പ് യുഎസ് എയ്ഡിന്റെ വെബ്സൈറ്റും അടച്ചുപൂട്ടി. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വിദേശ ഇടപെടലുകൾ സ്ഥിരീകരിക്കുന്നതാണ് പ്രഖ്യാപനമെന്ന് ബിജെപി ഐടി വിഭാഗം തലവൻ അമിത് മാളവ്യ പ്രതികരിച്ചു. ആരാണ് ഇതിന്റെ ഗുണഭോക്താവെന്ന സംശയം പ്രകടിപ്പിച്ച മാളവ്യ ഭരണകക്ഷിയല്ല അതെന്ന് ഉറപ്പിച്ചുപറയുകയാണെന്നും വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിന്റെ ചൂടാറും മുന്പാണു സഹായം റദ്ദാക്കിയുള്ള പ്രഖ്യാപനം എന്നതാണ് മറ്റൊരു കൗതുകം. ട്രംപുമായും മസ്കുമായും മോദി വിശദമായ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
ആരോപണം അടിസ്ഥാനരഹിതം: എസ്.വൈ.

ന്യൂഡൽഹി: വോട്ടർമാരുടെ എണ്ണം കൂട്ടാൻ താൻ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന സമയത്ത് യുഎസ് സഹായം ലഭിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ. ഖുറേഷി.
ഇതിനായി 2012 ൽ ധാരണാപത്രം ഒപ്പിട്ടിരുന്നുവെന്നും ഒരുവിഭാഗം മാധ്യമങ്ങളിൽ വന്ന വാർത്ത വസ്തുതാവിരുദ്ധമാണ്. അന്ന് ഇന്റർനാഷണൽ ഫൗണ്ടേഷൻ ഫോർ ഇലക്ടറൽ സിസ്റ്റവുമായി (ഐഎഫ്ഇഎസ്) ധാരണാപത്രം ഒപ്പിട്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിലുള്ള പരിശീലനകേന്ദ്രമായ ഇന്ത്യ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി ആൻഡ് ഇലക്ഷൻ മാനേജ്മെന്റിൽ (ഐഐഐഡിഇഎം) മറ്റു രാജ്യങ്ങൾക്കുൾപ്പെടെ പരിശീലനം നൽകുന്നതിനായിരുന്നു ധാരണാപത്രം. അതിന് സാന്പത്തികസഹായമോ അല്ലെങ്കിൽ സാന്പത്തികസഹായ വാഗ്ദാനമോ ഉണ്ടായിരുന്നില്ല-അദ്ദേഹം വിശദീകരിച്ചു.