പഹൽഗാം ആക്രമണം; സുരക്ഷാ നടപടികൾ വിലയിരുത്തി മോദി-രാജ്നാഥ് സിംഗ് കൂടിക്കാഴ്ച
Tuesday, April 29, 2025 2:50 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടച്ചിട്ട മുറിയിൽ നിർണായക കൂടിക്കാഴ്ച നടത്തി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിനു ശേഷം രാജ്യം സ്വീകരിച്ച സൈനികനടപടികളും സുരക്ഷാ തയാറെടുപ്പുകളും കൂടിക്കാഴ്ചയിൽ ചർച്ചയായി.
ആക്രമണം ഉടലെടുത്ത മേഖലയിൽ സുരക്ഷാസേനകൾ ഭീകരവാദികളുടെയും കൂട്ടാളികളുടെയും വീടുകളടക്കം റെയ്ഡ് ചെയ്തു മേഖലയിലെ സൈനിക ഇടപെടൽ ശക്തിപ്പെടുത്തുന്പോഴാണ് രാജ്യം സ്വീകരിച്ച സുരക്ഷാ തയാറെടുപ്പുകളെക്കുറിച്ച് രാജ്നാഥ് സിംഗ് പ്രധാനമന്ത്രിയോടു വിവരിച്ചത്.
പാക്കിസ്ഥാന്റെ നീക്കങ്ങളെ പ്രതിരോധിക്കാനുള്ള നിർണായക തീരുമാനങ്ങളെടുക്കാൻ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാനുമായി കഴിഞ്ഞദിവസം ചർച്ച നടത്തിയതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുമായും രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയത്.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ച 40 മിനിറ്റ് നീണ്ടുനിന്നു. കൂടിക്കാഴ്ചയുടെ വിവരങ്ങൾ പ്രധാനമന്ത്രിയുടെയും പ്രതിരോധമന്ത്രിയുടെയും കാര്യാലയങ്ങളിൽനിന്ന് പുറത്തുവിട്ടിട്ടില്ല.
ഭീകരാക്രമണം നടത്തിയവർക്ക് ഏറ്റവും കടുത്ത ശിക്ഷ നൽകുമെന്നും ഇരകൾക്ക് നീതി ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി കഴിഞ്ഞദിവസവും ആവർത്തിച്ചിരുന്നു. യുദ്ധസമാന അന്തരീക്ഷം ഉടലെടുത്ത സാഹചര്യത്തിൽ അതിർത്തി നിയന്ത്രണരേഖയിലും (എൽഒസി) ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും മറ്റ് അതിർത്തികളിലും ഇന്ത്യ പ്രതിരോധം വർധിപ്പിക്കുമെന്നാണു സൂചന.