പത്മഭൂഷണ്‍ ജേതാവ് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് സ്വീകരണം
Monday, April 28, 2025 4:36 AM IST
ന്യൂഡൽഹി: അവയവദാനത്തിന് രാജ്യത്തു കൂടുതൽ പ്രചാരണം നൽകണമെന്ന് പത്മഭൂഷൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം. ദൈവികകരങ്ങളാണ് തന്നിലൂടെ പ്രവർത്തിക്കുന്നത്. അവയവദാതാക്കളും അവരുടെ കുടുംബങ്ങളുമാണ് അവാർഡുകളുടെ യഥാർഥ അവകാശികളെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മൂന്നാമത്തെ വലിയ സിവിലിയൻ അവാർഡായ പത്മഭൂഷണ്‍ പുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുർമുവിൽനിന്ന് ഏറ്റുവാങ്ങാൻ ഡൽഹിയിലെത്തിയ ഡോ. ജോസ് ചാക്കോ, പാലാ സെന്റ് തോമസ് കോളജ് പൂർവ വിദ്യാർഥീ സംഘടനയുടെ ഡൽഹി ചാപ്റ്റർ സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു.
കേരള ഹൗസിൽ നടന്ന ചടങ്ങ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. ദീപിക എഡിറ്റർ (നാഷണൽ അഫയേഴ്സ്) ജോർജ് കള്ളിവയലിൽ അധ്യക്ഷത വഹിച്ചു. മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, ഹാരിസ് ബീരാൻ എംപി, ദൂരദർശൻ ഡയറക്ടർ ജനറൽ സതീഷ് നന്പൂതിരിപ്പാട്, മുതിർന്ന പത്രപ്രവർത്തകൻ ആർ. പ്രസന്നൻ, ഡോ. ദീപ്തി ഭല്ല ഓംചേരി, സെന്റ് തോമസ് കോളജ് പൂർവവിദ്യാർഥി ഫാ. ജോസ് വയലിൽ കളപ്പുര എസ്ജെ, ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥ്, കെ.എൻ. ജയരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
ഡോ. ജോസ് ചാക്കോയ്ക്ക് പ്രത്യേക സ്മരണിക കെ.വി. തോമസും ജോർജ് കള്ളിവയലും ചേർന്ന് സമ്മാനിച്ചു. അൽഫോൻസ് കണ്ണന്താനം, ഡൊമിനിക് ജോസഫ്, കുരുവിള ജോർജ് എന്നിവർ പൊന്നാട അണിയിച്ചു.
ഇന്നു പിറന്നാൾ ആഘോഷിക്കുന്ന ജോസ് ചാക്കോ ചടങ്ങിൽ കേക്ക് മുറിച്ചു. അഗസ്റ്റിൻ പീറ്റർ സ്വാഗതവും ജനറൽ സെക്രട്ടറി ജോസഫ് ഇമ്മാനുവൽ നന്ദിയും പറഞ്ഞു.