സർക്കാർ ജോലി രാഷ്ട്രനിർമാണത്തിനുള്ള വലിയ ഉത്തരവാദിത്വം: കേന്ദ്ര സഹമന്ത്രി കമലേഷ് പാസ്വാൻ
Sunday, April 27, 2025 2:11 AM IST
ന്യൂഡൽഹി: രാഷ്ട്രനിർമാണത്തിനായി പ്രവർത്തിക്കാനുള്ള വലിയ ഉത്തരവാദിത്വമായി സർക്കാർ ജോലിയെ യുവാക്കൾ കാണണമെന്ന് കേന്ദ്ര ഗ്രാമവികസന വകുപ്പ് സഹമന്ത്രി കമലേഷ് പാസ്വാൻ. തിരുവനന്തപുരത്ത് ആദായനികുതി വകുപ്പ് സംഘടിപ്പിച്ച 15-ാമത് റോസ്ഗർ മേളയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
2047ൽ വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് നമ്മൾ. മറ്റൊരു ലോകമാണ് അന്ന് നമ്മൾ കാണാൻ പോകുന്നത്. ആ മാറ്റത്തിന് സാക്ഷ്യം വഹിക്കാൻ പോകുന്നവർ കൂടിയാണ് ഇന്ന് ജോലിയിൽ പ്രവേശിക്കുന്ന യുവാക്കളെന്നും അദ്ദേഹം സൂചിപ്പിച്ചു.
ദേശീയ റോസ്ഗർ മേളയുടെ ഭാഗമായി വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിലായി നിയമിതരായ 51,000ത്തിലധികം ഉദ്യോഗാർഥികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറൻസിംഗിലൂടെ നിയമന കത്തുകൾ വിതരണം ചെയ്തു.
കേന്ദ്രമന്ത്രി കമലേഷ് പാസ്വാൻ തെരഞ്ഞെടുക്കപ്പെട്ട 25 ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവുകൾ കൈമാറി. ആദായനികുതി പ്രിൻസിപ്പൽ കമ്മീഷണർ പി. ചന്ദ്രശേഖറും വകുപ്പു മേധാവികളും അതത് വകുപ്പുകളിൽ നിയമനം ലഭിച്ചവർക്കുള്ള നിയമന ഉത്തരവുകൾ നൽകി.