സിദ്ധരാമയ്യയുടെ വിവാദ പ്രസ്താവന പാക് മാധ്യമങ്ങളിൽ
Monday, April 28, 2025 4:36 AM IST
ബംഗളൂരു: പഹൽഗാം തീവ്രവാദ ആക്രമണത്തെക്കുറിച്ചുള്ള കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ, പാക്കിസ്ഥാനുമായി യുദ്ധം ആവശ്യമില്ലെന്ന പ്രസ്താവന ആഘോഷമാക്കി പാക് മാധ്യമങ്ങൾ. പിന്നാലെ സിദ്ധരാമയ്യയ്ക്കെതിരേ ബിജെപി രംഗത്തെത്തി.
യുദ്ധഭീതിയിൽ രാജ്യം നിർണായക ഘട്ടത്തിലൂടെ കടന്നുപോകുന്പോൾ ശത്രുരാജ്യത്തിന്റെ കളിപ്പാവയായി സിദ്ധരാമയ്യ മാറിയെന്ന് നിയമസഭാ പ്രതിപക്ഷ നേതാവ് ആർ. അശോക ആരോപിച്ചു. ""തിരിച്ചടിയെന്നോണു പാക്കിസ്ഥാനുമായി യുദ്ധം ചെയ്യേണ്ടതില്ല. കാഷ്മീരിലെത്തുന്നവർക്ക് മതിയായ സുരക്ഷ നല്കുക. ഇതിനായുള്ള പരിശ്രമമാണ് കേന്ദ്രം കൈക്കൊള്ളേണ്ടത്'' എന്നായിരുന്നു സിദ്ധരാമയ്യ പറഞ്ഞത്.
അതേസമയം, യുദ്ധം ആവശ്യമില്ലെന്ന തന്റെ പ്രസ്താവനയിൽ തിരുത്തുമായി ഇന്നലെ സിദ്ധരാമയ്യ രംഗത്തെത്തി. യുദ്ധം പാടില്ലെന്നു പറഞ്ഞില്ലെന്നും അനിവാര്യമായ സാഹചര്യത്തിൽ മാത്രമേ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യാവൂ എന്നാണ് താൻ പറഞ്ഞതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.