ബാലാജിയും പൊൻമുടിയും പുറത്ത്
Monday, April 28, 2025 4:36 AM IST
ചെന്നൈ: സെന്തിൽ ബാലാജി, കെ. പൊൻമുടി എന്നിവരെ തമിഴ്നാട് മന്ത്രിസഭയിൽനിന്ന് ഒഴിവാക്കി. ഇവരുടെ രാജി ഗവർണർ സ്വീകരിച്ചു.
ഇഡി അന്വേഷണം നേരിടുന്നയാളാണ് സെന്തിൽ ബാലാജി. മന്ത്രിസ്ഥാനം രാജിവച്ചില്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്നു സുപ്രീംകോടതി ബാലാജിക്ക് അന്ത്യശാസനം നല്കിയിരുന്നു. സ്ത്രീകളെയും ഹൈന്ദവരെയും കുറിച്ച് നടത്തിയ അശ്ലീല പരാമർശമാണ് പൊൻമുടിയുടെ മന്ത്രിസ്ഥാനം നഷ്ടമാക്കിയത്.
ബാലാജിയുടെ വൈദ്യുതി വകുപ്പ് ഗതാഗത വകുപ്പ് മന്ത്രി എസ്.എസ്. ശിവശങ്കർ കൈകാര്യം ചെയ്യും. എക്സൈസ് വകുപ്പ് ഹൗസിംഗ് മന്ത്രി എസ്. മുത്തുസ്വാമിക്കു നല്കി. പൊൻമുടിയുടെ വനം, ഖാദി വകുപ്പുകൾ ആർ.എസ്. രാജാ കണ്ണപ്പൻ കൈകാര്യം ചെയ്യും.
മനോ തങ്കരാജിനെ മന്ത്രിസഭയിൽ വീണ്ടും ഉൾപ്പെടുത്തി. മുന്പു നടന്ന മന്ത്രിസഭാ പുനഃസംഘടനയിലാണ് തങ്കരാജിനു സ്ഥാനം നഷ്ടമായത്. തങ്കരാജിന്റെ സത്യപ്രതിജ്ഞ ഇന്നു നടക്കും.