ഭീകരർക്കായുള്ള തെരച്ചിലിൽ ജാഗ്രത വേണമെന്ന് രാഷ്ട്രീയനേതൃത്വം
Monday, April 28, 2025 4:36 AM IST
ശ്രീനഗർ: കാഷ്മീരിൽ ഭീകരരെയും ഭീകരരെ സഹായിക്കുന്നവരെയും കണ്ടെത്തുന്നതിനുള്ള സൈനിക നടപടികൾ പുരോഗമിക്കുന്നതിനിടെ നടപടിക്രമങ്ങളിൽ ജാഗ്രത തുടരണമെന്ന് കാഷ്മീരിലെ രാഷ്ട്രീയ നേതൃത്വം. ഭീകരരെയും ജനങ്ങളെയും വേർതിരിച്ചു കാണുമെന്ന് ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പഹൽഗാം ആക്രമണത്തെത്തുടർന്ന് വിവിധ ജില്ലകളിലായി ഒന്പത് ഭീകരരുടെ വീടുകളാണ് സുരക്ഷാസേന തകർത്തത്. ഇതിൽ ഭൂരിഭാഗവും തെക്കൻ കാഷ്മീരിലാണ്. ഭീകരരെ സഹായിക്കുന്നുവെന്നു സംശയിക്കുന്ന നൂറുകണക്കിനു പേരെ കാഷ്മീർ താഴ്വരയിൽനിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഭീകരതയ്ക്കെതിരേ സുപ്രധാന പോരാട്ടത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി ഒമർ അബ്ദുള്ള, കാഷ്മീരികളെ ഒറ്റപ്പെടുത്തുന്ന തരത്തിലാകരുത് സൈനികനടപടികളെന്നു കൂട്ടിച്ചേർത്തു. ഭീകരതയ്ക്കും നിരപരാധികളെ കൊലപ്പെടുത്തുന്നതിനുമെതിരേ കാഷ്മീരിലെ ജനത പരസ്യ നിലപാട് സ്വീകരിച്ചുകഴിഞ്ഞു. സ്വതന്ത്രമായും വേഗത്തിലുമാണ് ജനത ഈ നിലപാടിലെത്തിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ജനങ്ങളെ അകറ്റുന്ന തരത്തിലുള്ള തെറ്റായ ഒരു നടപടിയും പാടില്ലെന്ന് പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തിയും പറഞ്ഞു. കുറ്റക്കാരെ ശിക്ഷിക്കണം, ഒരു ദയയും അവരോടു കാണിക്കേണ്ടതില്ല. എന്നാൽ, നിരപരാധികൾക്ക് ഇതുമൂലം ബുദ്ധിമുട്ടും ഉണ്ടാകാൻ പാടില്ലെന്നും അവർ പറഞ്ഞു. നിരപരാധികളെ ഒരുതരത്തിലും ശിക്ഷിക്കരുതെന്ന് ഹുറിയത്ത് ചെയർമാൻ മിർവായിസ് ഉമർ ഫാറുഖും പറഞ്ഞു. പഹൽഗാമിലെ കൊടുംക്രൂരതയെ കാഷ്മീരി ജനത ഒന്നടങ്കം എതിർക്കുകയാണ്. നിരപരാധികളും അറസ്റ്റിലാകുന്നുവെന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് അസ്വസ്ഥത സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സൈന്യത്തിന്റെ യൂണിഫോമുകൾ വിൽക്കുന്നതു വിലക്കി
കിഷ്ത്വാർ: ജമ്മു കാഷ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ സൈനികവേഷങ്ങൾ നിർമിക്കുന്നതും വിൽക്കുന്നതും ഉത്തരവിലൂടെ വിലക്കി കിഷ്ത്വാർ ജില്ലാ ഭരണകൂടം.
സ്വകാര്യ സ്ഥാപനങ്ങൾ, തുണിക്കടകൾ എന്നിവ വഴി സൈനിക യൂണിഫോമുകളും മറ്റ് അനുബന്ധ സാമഗ്രികളും വിൽക്കാൻ പാടില്ലെന്നാണു ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ്.
നിരോധനാജ്ഞ മറികടന്ന് യൂണിഫോമുകൾ വിൽക്കുന്നതു ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയെടുക്കുമെന്ന് കിഷ്ത്വാർ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രാജേഷ് കുമാർ ശ്രാവൺ പറഞ്ഞു. തഹസിൽദാർ, ഫസ്റ്റ് ക്ലാസ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റാങ്കിനു മുകളിലുള്ളവർ എന്നിവർക്ക് ഇതു സംബന്ധിച്ച് പരിശോധന നടത്തി നിയമലംഘനത്തിനെതിരേ നടപടിയെടുക്കാം.