800 കുടിലുകൾ കത്തിനശിച്ചു; രണ്ടുകുട്ടികൾ മരിച്ചു
Monday, April 28, 2025 4:36 AM IST
ന്യൂഡൽഹി: ഡൽഹിയിലെ ചേരിപ്രദേശത്ത് ഇന്നലെ രാവിലെയുണ്ടായ വൻ അഗ്നിബാധയിൽ രണ്ട് കുട്ടികൾക്കു ദാരുണാന്ത്യം. 800 കുടിലുകൾ ചാന്പലായ അത്യാഹിതത്തിൽ അഞ്ചു പേർക്കു പരിക്കേറ്റു.
രോഹിണി സെക്ടറിലെ ശ്രീനികേതനിൽ ഇന്നലെ രാവിലെയുണ്ടായ ദുരന്തത്തിൽ മൂന്നും നാലും വയസുള്ള രണ്ടു കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല.
കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കത്തിക്കരിഞ്ഞ നിലയിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. പതിനേഴ് ഫയർ എൻജിനുകൾ മൂന്നു മണിക്കൂറോളം പ്രവർത്തിപ്പിച്ചാണ് അഗ്നിബാധ നിയന്ത്രണവിധേയമാക്കിയത്.
പ്രദേശത്തുനിന്ന് വലിയതോതില്‍ പുകപടലങ്ങള്‍ ഉയരുന്നതായി അറിയിച്ച് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സന്ദേശമെത്തിയതെന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥന് അറിയിച്ചു. അഗ്നിബാധയുടെ കാരണം വ്യക്തമല്ല. പ്രദേശത്തെ താത്കാലിക കുടിലുകള്‍ നില്ക്കുന്നിടത്തുനിന്ന് തീ പടര്‍ന്നശേഷം വലിയതോതില്‍ വ്യാപിക്കുകയായിരുന്നു. അഞ്ചേക്കറോളം സ്ഥലമാണ് വിഴുങ്ങിയത്.