പിഎഫ്ഐ നേതാവിന് മൂന്നു ദിവസത്തെ പരോൾ
Tuesday, April 29, 2025 2:50 AM IST
ന്യൂഡൽഹി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) ചെയർമാൻ ജയിലിൽ കഴിയുന്ന ഒ.എം.എ. സലാമിന് മൂന്നു ദിവസത്തെ പരോൾ അനുവദിച്ച് ഡൽഹി ഹൈക്കോടതി. ജസ്റ്റീസ് രവീന്ദർ ദുദേജയുടെ ബെഞ്ചാണ് വ്യവസ്ഥകളോടെ പരോൾ അനുവദിച്ചത്.
നേരത്തേ മകളുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ കേരളത്തിലെത്താൻ പരോളിന് അനുമതി തേടിയെങ്കിലും ലഭിച്ചിരുന്നില്ല. തുടർന്ന് ഒരു വർഷത്തിനുശേഷം മകളുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് കേരളത്തിൽ പോകാൻ മൂന്നു ദിവസത്തെ പരോൾ കോടതി നൽകുകയായിരുന്നു.
പരോൾ ദിനങ്ങളിൽ ഫോണ് ഉപയോഗിക്കരുത്, കുടുംബക്കാരല്ലാതെ മറ്റുള്ളവരുമായി സന്പർക്കം പാടില്ല, പൊതുപരിപാടി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പങ്കെടുക്കരുത്, ഒരുതവണ മകളുടെ ശ്മശാനം സന്ദർശിക്കാം, യാത്രയുടെ ചെലവുകൾ പൂർണമായും സലാം വഹിക്കണം തുടങ്ങി കർശന ഉപാധികളോടെയാണു പരോൾ അനുവദിച്ചിരിക്കുന്നത്.
നേരത്തെ ഒരു ദിവസവും ആറു മണിക്കൂറും പരോൾ അനുവദിച്ച വിചാരണക്കോടതി നടപടിക്കെതിരേ സലാം ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് ഹൈക്കോടതി പരോൾ കാലാവധി നീട്ടി നൽകിയത്.
ഡൽഹിലെ തിഹാർ ജയിലിലാണു സലാം. 2022 ലാണ് സലാം ഉൾപ്പെടെയുള്ള പിഎഫ്ഐ പ്രവർത്തകരെ എൻഐഎ അറസ്റ്റ് ചെയ്തത്.