ഭീകരാക്രമണം നടത്തിയവർക്കും ഗൂഢാലോചനക്കാർക്കും കടുത്ത ശിക്ഷ; മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
സ്വന്തം ലേഖകൻ
Monday, April 28, 2025 4:36 AM IST
ന്യൂഡൽഹി: രാജ്യത്തിന് പഹൽഗാം ആഴത്തിലുള്ള ദുഃഖമുണ്ടാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹൽഗാം ഭീകരാക്രമണം ഓരോ പൗരന്റെയും ഹൃദയം തകർത്തു. രാജ്യം ഒറ്റക്കെട്ടായി പ്രതിസന്ധിയെ മറികടക്കുമെന്നും പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
""ഭീകരവാദത്തിനെതിരേ രാജ്യം ഒരുമിച്ചു പോരാടും. ഭീകരാക്രമണം നടത്തിയവർക്കും ഗൂഢാലോചന നടത്തിയവർക്കും കഠിനശിക്ഷ നൽകും. കാഷ്മീരിൽ വികസനവും സമാധാനവും തിരികെയെത്തിയ സമയത്താണ് ഭീകരാക്രമണ മുണ്ടായത്. രാജ്യത്തിന്റെയും കാഷ്മീരിന്റെയും പുരോഗതിയെ തടസപ്പെടുത്തുന്ന നീക്കമാണു ഭീകരരുടെ ഭാഗത്തുനിന്നുണ്ടായത്. ലോകരാജ്യങ്ങളുടെ പിന്തുണ ഇന്ത്യക്കുണ്ട്.
പല ലോകനേതാക്കളും എന്നെ ഫോണിൽ വിളിച്ചു. ചിലർ സന്ദേശങ്ങൾ അയച്ചു. ഭീകരവാദത്തെ നേരിടാൻ 140 കോടി ഇന്ത്യൻ ജനതയ്ക്കൊപ്പം ഈ ലോകം മുഴുവൻ കൂടെയുണ്ട്.
ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കുമെന്ന് ഉറപ്പു നൽകുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് തക്കതായ മറുപടി ഇന്ത്യ നൽകും.'' മോദി വ്യക്തമാക്കി. ഭീകരാക്രമണത്തിന്റെ ചിത്രങ്ങൾ കണ്ടശേഷം ഓരോ ഇന്ത്യക്കാരന്റെയും രക്തം തിളച്ചുമറിയുന്നതായി തനിക്ക് അനുഭവപ്പെടുന്നുവെന്നും രാജ്യം മുഴുവനും ഇതേ വികാരമാണെന്നും മോദി മൻ കി ബാത്തിൽ പറഞ്ഞു.
ഭീകരാക്രമണത്തിനു പിന്നിലുള്ളവരുടെ ഭീരുത്വം പ്രകടമാകുന്നതാണ് പഹൽഗാം ആക്രമണം എന്നതിൽ സംശയമില്ല. തീവ്രവാദികൾക്കെതിരേ തിരിച്ചടിക്കാൻ രാജ്യം സജ്ജമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വരുംദിവസങ്ങളിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് പല നിർണായകനീക്കങ്ങൾ നടന്നേക്കാമെന്നാണ് പ്രധാനമന്ത്രിയുടെ വാക്കുകളിൽനിന്നു വ്യക്തമാകുന്നത്.