തഹാവൂർ റാണയുടെ കസ്റ്റഡി നീട്ടി
Tuesday, April 29, 2025 2:50 AM IST
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയുടെ കസ്റ്റഡി 12 ദിവസത്തേക്കുകൂടി നീട്ടി. 18 ദിവസത്തെ കസ്റ്റഡി അവസാനിച്ചതിനെത്തുടർന്ന് എൻഐഎ സമർപ്പിച്ച അപേക്ഷപ്രകാരമാണു പട്യാല കോട തി പ്രത്യേക ജഡ്ജി ചന്ദർജിത് സിംഗ് കസ്റ്റഡി നീട്ടിയത്.
കനത്ത സുരക്ഷയിൽ മുഖം മറച്ചാണു റാണയെ കോടതിയിൽ ഹാജരാക്കിയത്. റാണ അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്ന് എൻഐഎയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദയാൻ കൃഷ്ണനും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ നരേന്ദർ മാനും ആരോപിച്ചു.
റാണയെ കസ്റ്റഡിയിൽ ലഭിച്ചതിനുശേഷമുള്ള വിവരങ്ങളും അന്വേഷണ ഏജൻസി പ്രത്യേക ജഡ്ജിയുടെ ചേംബറിനെ അറിയിച്ചു. മുംബൈ ഭീകരാക്രമണത്തിനു സമാനമായ പദ്ധതികൾ ഡൽഹി ഉൾപ്പെടെയുള്ള രാജ്യത്തെ നഗരങ്ങളെ ലക്ഷ്യമിട്ടു റാണ ആസൂത്രണം ചെയ്തതായി എൻഐഎ കോടതിയിൽ ചൂണ്ടിക്കാട്ടി.