പാക് വെടിവയ്പ്: തിരിച്ചടി ഭയന്ന് പാക് ഭീകരർ പിന്മാറുന്നു
Tuesday, April 29, 2025 2:50 AM IST
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ പേരിൽ ഇന്ത്യ-പാക് ബന്ധം മോശമായി തുടരുന്നതിനിടെ കാഷ്മീരിലെ കുപ്വാര, ജമ്മുവിലെ പൂഞ്ച് സെക്ടറുകളിൽ തുടർച്ചയായ നാലാം ദിവസവും പാക് സൈന്യം വെടിയുതിർത്തു.
നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ നടത്തിയ പ്രകോപനത്തെ ഇന്ത്യ അതിശക്തമായി നേരിട്ടു. പൂഞ്ച് സെക്ടറില്‍ പാക്കിസ്ഥാന് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് ഇതാദ്യമാണ്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പഹല്‍ഗാം ആക്രമണത്തിനു പിന്നിൽ പാക് ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബയുടെ പങ്ക് വ്യക്തമായതിനു പിന്നാലെ സിന്ധുനദീജല കരാർ റദ്ദാക്കുന്നതുൾപ്പെടെ കടുത്ത നിലപാടുകളിലേക്ക് ഇന്ത്യ നീങ്ങിയതോടെയാണ് പാക് സൈന്യം അതിർത്തിയിൽ പ്രകോപനം തുടരുന്നത്.
അതിനിടെ, ഇന്ത്യയുടെ തിരിച്ചടി ഭയന്ന്, നുഴഞ്ഞുകയറ്റത്തിനായി പാക് അധിനിവേശ കാഷ്മീരില്‍ (പിഒകെ) സജ്ജമാക്കിയിരുന്ന ഭീകരരെ പാക് സൈനിക കേന്ദ്രങ്ങളിലേക്കും ബങ്കറുകളിലേക്കും പിന്‍വലിച്ചതായി രഹസ്യന്വേഷണ വൃത്തങ്ങള്‍ സൂചന നല്കി.
പിഒകെയിലെ കെല്, സര്‍ദി, ദുധ്നിയാല്, അദ്മുഖം, ജുറ, ലിപ, പച്ചിബാന്‍, ഫോര്‍വേഡ് കഹുത, കോട്ലി, ഖുയിരാട്ട, മന്ദര്‍, നിക്കയില്, ചമന്‍കോട്ട്, ജാന്‍കോട്ട് എന്നിവിടങ്ങളില്‍നിന്നാണ് ഭീകരരെ പിന്‍വലിച്ചത്. നിയന്ത്രണരേഖയില്‍നിന്ന് ജമ്മു കാഷ്മീരിലേക്ക് ഈ മേഖലകളിലൂടെയാണ് നാളുകളായി ഭീകരർ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയിരുന്നത്.
തുടർനടപടികളെക്കുറിച്ച് ഇന്ത്യ ശക്തമായ ആലോചനകൾ തുടരുന്നതിനിടെ പാക്കിസ്ഥാനു പരോക്ഷപിന്തുണയുമായി ചൈന ഇന്നലെ പരസ്യപ്രതികരണം നടത്തി.
പഹൽഗാം ആക്രമണത്തിൽ നീതിയുക്തവും വേഗത്തിലുമുള്ളതുമായ അന്വേഷണം സ്വാഗതം ചെയ്യുകയാണെന്നു പറഞ്ഞ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ, പരമാധികാരം സംരക്ഷിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമത്തെ അംഗീകരിക്കുമെന്നും വ്യക്തമാക്കി. എന്നാൽ പഹൽഗാം സംഭവത്തിലെ അന്വേഷണത്തിൽ സഹകരിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.
ചൈനയും റഷ്യയും അന്വേഷണത്തിൽ പങ്കാളികളാകണമെന്നു പാക്കിസ്ഥാൻ ആവശ്യപ്പെട്ടതായി ഒരു റഷ്യൻ മാധ്യമത്തിൽ വന്ന വാർത്ത ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പ്രതികരണം.