നേതാക്കളുടെ പരാമർശങ്ങൾ പാർട്ടിയുടേതല്ല: കോണ്‍ഗ്രസ്
Tuesday, April 29, 2025 2:50 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ നേതാക്കൾ നടത്തുന്ന പരാമർശങ്ങൾ അവരുടെ സ്വന്തം കാഴ്ചപ്പാടുകളാണെന്നും പാർട്ടിയുടേതല്ലെന്നും കോണ്‍ഗ്രസ്. ഭീകരാക്രമണവുമായി ബന്ധപ്പെട്ടു ചില നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ വിവാദമാകുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതൃത്വം നയം വ്യക്തമാക്കിയത്.
ആക്രമണമുണ്ടായതിനുശേഷം പ്രവർത്തകസമിതി യോഗം ചേർന്നു പ്രമേയം പാസാക്കിയിട്ടുണ്ടെന്നും ഇതുതന്നെയാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക കാഴ്ചപ്പാടെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് വ്യക്തമാക്കി. ഇന്ത്യ-പാക്കിസ്ഥാൻ ബന്ധം യുദ്ധസമാനമായ സാഹചര്യത്തിലേക്കു കടക്കുന്പോൾ നേതാക്കൾ പരസ്യപ്രസ്താവന നടത്തുന്നത് കോണ്‍ഗ്രസ് വിലക്കിയിട്ടുമുണ്ട്.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയടക്കം നടത്തിയ പ്രസ്താവനകളാണു വിവാദമായത്. യുദ്ധത്തിന്റെ ആവശ്യമില്ലെന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രസ്താവനയെങ്കിൽ ആക്രമണത്തിനുമുന്‍പ് ഭീകരവാദികൾ ഇരകളുടെ ജാതിയോ മതമോ ചോദിച്ചിട്ടില്ലെന്നും ഇത് അപ്രായോഗികമാണെന്നുമായിരുന്നു കർണാടക മന്ത്രി ആർ. ബി. ടിമ്മാപൂരിന്റെ പ്രസ്താവന.
ആക്രമണത്തിൽ പങ്കില്ലെന്ന് പാക്കിസ്ഥാൻ അവകാശപ്പെടുന്നുണ്ടെങ്കിൽ അവരുടെ പ്രസ്താവന അംഗീകരിച്ച് അന്വേഷണ ഏജൻസികളുടെ തുടരന്വേഷണത്തിന്റെ ഫലങ്ങൾക്കായി കാത്തിരിക്കണമെന്നും പാക്കിസ്ഥാനുമായി പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്നുമായിരുന്നു ജമ്മുകാഷ്മീരിലെ കോണ്‍ഗ്രസ് നേതാവ് സൈഫുദ്ദീൻ സോസ് പ്രതികരിച്ചത്.