നീറ്റ് യുജി പരീക്ഷ കനത്ത സുരക്ഷയിൽ
Tuesday, April 29, 2025 2:50 AM IST
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷ സുഗമമായി നടത്താൻ സുരക്ഷ ശക്തമാക്കാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം. ഇതു സംബന്ധിച്ച ചർച്ചകൾ നടത്താനായി സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും കളക്ടർമാരും ചേർന്ന് ചർച്ചകൾ നടത്തിവരികയാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ പരിശോധനയ്ക്കു പുറമേ പരീക്ഷ നടക്കുന്ന 5000ത്തിലധികം കേന്ദ്രങ്ങളിൽ പോലീസും പരിശോധന നടത്തും.
പരീക്ഷാകേന്ദ്രങ്ങളിലെ വിപുലമായ തയാറെടുപ്പുകൾ വിലയിരുത്താൻ കളക്ടർമാർ, പോലീസ് സൂപ്രണ്ടുമാർ എന്നിവരുമെത്തും. 2024ലെ നീറ്റ് പരീക്ഷയിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി ആരോപണങ്ങൾ ഉയർന്നതിനാലാണ് ഇത്തവണ സുരക്ഷ കടുപ്പിക്കുന്നത്.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജില്ലാതലത്തിലുള്ള ഏകോപന സമിതികൾ തയാറായിക്കഴിഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത മാസം നാലിന് രാജ്യത്തെ 550 നഗരങ്ങൾ നീറ്റ് യുജി പരീക്ഷയ്ക്ക് വേദിയാകും.