സമയപരിധി കഴിഞ്ഞു; 537 പാക്കിസ്ഥാനികൾ ഇന്ത്യ വിട്ടു
Monday, April 28, 2025 4:36 AM IST
ന്യൂഡൽഹി: ഇന്ത്യ വിടാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചതോടെ ഒന്പത് നയതന്ത്രജ്ഞരടക്കം 537 പാക്കിസ്ഥാൻ പൗരന്മാർ നാലു ദിവസത്തിനിടെ അട്ടാരി-വാഗ അതിർത്തി കടന്ന് പാക്കിസ്ഥാനിലേക്കു മടങ്ങി. 14 നയതന്ത്രജ്ഞരടക്കം 850 ഇന്ത്യക്കാർ പാക്കിസ്ഥാനിൽനിന്നു സ്വദേശത്തെത്തി.
ഇന്നലെ മാത്രം 237 പാക്കിസ്ഥാനികളാണ് സ്വദേശത്തേക്കു മടങ്ങിയത്. ചില പാക് പൗരന്മാർ വിമാനത്തിലാണു മടങ്ങിയത്. മെഡിക്കൽ വീസയിലെത്തിയവർ ചൊവ്വാഴ്ചയ്ക്കകം മടങ്ങണമെന്നാണു നിർദേശം. സമയപരിധിക്കുള്ളിൽ ഇന്ത്യ വിടാത്ത പാക് പൗരന്മാരെ അറസ്റ്റ് ചെയ്യും. ഇവരെ വിചാരണ ചെയ്ത് മൂന്നു വർഷംവരെ തടവോ മൂന്നു ലക്ഷം രൂപ പിഴയോ രണ്ടും ചേർത്തോ ശിക്ഷ നൽകും. ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട് 2025 പ്രകാരമാണു നടപടി. ഏപ്രിൽ നാലിനാണ് നിയമം പ്രാബല്യത്തിലായത്.
അതേസമയം, തുടർച്ചയായ മൂന്നാം ദിവസവും പാക്കിസ്ഥാൻ സേന നിയന്ത്രണരേഖയിൽ വെടിവയ്പ് നടത്തി. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ശനിയാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായി കുപ്വായിലെ നൗഗാം സെക്ടറിലും ബാരാമുള്ളയിലെ ബോണിയാർ സെക്ടറിലുമായിരുന്നു പാക് വെടിവയ്പുണ്ടായത്.
ജമ്മു കാഷ്മീരിലെ കുപ്വാര ജില്ലയിൽ സാമൂഹ്യപ്രവർത്തകനെ ഭീകരർ വെടിവച്ചു കൊന്നു. ഗുലാം റസൂൽ മാഗ്രേ(45) ആണു ശനിയാഴ്ച രാത്രി സ്വന്തം വീട്ടിൽവച്ച് കൊല്ലപ്പെട്ടത്. ഭീകരരുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഗുലാം റസൂലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.