പ്രത്യേക പാർലമെന്റ് സമ്മേളനം ചേരണമെന്ന് പ്രതിപക്ഷം
സ്വന്തം ലേഖകൻ
Monday, April 28, 2025 4:36 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക പാർലമെന്റ് സമ്മേളനം ചേരണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ. ഭീകരാക്രമണം സംബന്ധിച്ച സർക്കാരിന്റെ തുടർനടപടികളും നീക്കങ്ങളും ചർച്ചചെയ്യാനാണ് പ്രതിപക്ഷം ഇത്തരമൊരു ആവശ്യം മുന്നോട്ടുവയ്ക്കുന്നത്. ഇതുസംബന്ധിച്ച സംയുക്ത കത്ത് കേന്ദ്രസർക്കാരിന് പ്രതിപക്ഷപാർട്ടികൾ നൽകിയേക്കും.
എന്നാൽ ഈ ആവശ്യം കേന്ദ്രസർക്കാർ പരിഗണിക്കാൻ സാധ്യതയില്ല. ഭീകരാക്രമണത്തിനുപിന്നാലെ നടത്തിയ സർവകക്ഷി യോഗത്തിൽ തീവ്രവാദത്തിനെതിരേയുള്ള പോരാട്ടത്തിൽ പൂർണ പിന്തുണ പ്രതിപക്ഷ പാർട്ടികൾ നൽകിയിരുന്നു.
പത്മ അവാർഡുകൾ ഇന്നു വിതരണം ചെയ്യും
പത്മ പുരസ്കാരങ്ങൾ രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് വിതരണം ചെയ്യും. മലയാളികളായ ഒളിന്പ്യൻ പി.ആർ. ശ്രീജേഷ്, ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപുറം, സിനിമാതാരവും നർത്തകിയുമായ ശോഭന തുടങ്ങിയർ രാഷ്ട്രപതിയിൽനിന്ന് രാജ്യത്തെ മൂന്നാമത്തെ വലിയ സിവിലിയൻ പുരസ്കാരമായ പത്മഭൂഷണ്‍ ഏറ്റുവാങ്ങും.
മലയാളി ഫുട്ബോൾ താരം ഐ.എം. വിജയൻ, കലാകാരി ഓമനക്കുട്ടിയമ്മ തുടങ്ങിയവർ പത്മശ്രീ പുരസ്കാരവും സ്വീകരിക്കും. രാജ്യത്ത് ആകെ ഏഴുപേർക്ക് പത്മവിഭൂഷണും 19 പേർക്ക് പത്മഭൂഷണും 113 പേർക്ക് പത്മശ്രീയും രാഷ്ട്രപതി സമ്മാനിക്കും.
മലയാളത്തിന്റെ അഭിമാനമായ വിഖ്യാത എഴുത്തുകാരൻ അന്തരിച്ച എം.ടി. വാസുദേവൻ നായർക്ക് പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചിരുന്നു. മരണാനന്തര ബഹുമതിയായാണ് അദ്ദേഹത്തിനു പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്.