ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം; കൂടുതൽ നിയന്ത്രണങ്ങൾ പരിഗണനയിലെന്ന് കേന്ദ്രം
Tuesday, April 29, 2025 2:50 AM IST
ന്യൂഡൽഹി: ഓടിടി പ്ലാറ്റ്ഫോമുകളിലും സമൂഹമാധ്യമങ്ങളിലും അശ്ലീല ഉള്ളടക്കം പ്രചരിക്കുന്ന വിഷയം ഗുരുതര ആശങ്ക സൃഷ്ടിക്കുന്നതാണെന്നും ഇതിനെതിരേ കൂടുതൽ നിയന്ത്രണങ്ങൾ പരിഗണനയിലുണ്ടെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ഇത്തരം ഉള്ളടക്കങ്ങൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
വിഷയം ഗൗരവമുള്ളതാണെന്നു നിരീക്ഷിച്ച ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, എ.ജി. മസിഹ് എന്നിവരുടെ ബെഞ്ച് കേന്ദ്രസർക്കാരിനും ഒടിടി പ്ലാറ്റ്ഫോമുകളായ നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം, ആൾട്ട് ബാലാജി, ഉല്ലു ഡിജിറ്റൽ, മുബി എന്നിവയ്ക്കും ഗൂഗിൾ, മെറ്റ, ആപ്പിൾ എന്നീ കന്പ നികൾക്കും നോട്ടീസ് അയച്ചു.
സമൂഹമാധ്യമങ്ങൾക്കും ഒടിടി പ്ലാറ്റ്ഫോമുകൾക്കും സാമൂഹിക ഉത്തരവാദിത്വമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. സമാനമായ മറ്റു ഹർജികൾക്കൊപ്പം ഈ ഹർജിയും ഉൾപ്പെടുത്തി.
വിഷയം പാർലമെന്റിന്റെ പരിധിയിൽ വരുന്നതിനാൽ ഇടപെടാൻ പരിമിതികളുണ്ടെന്നാണ് കോടതി ഇന്നലെ ചൂണ്ടിക്കാട്ടിയത്. ഇപ്പോൾ നിയമനിർമാണ മേഖലകളിൽ സുപ്രീംകോടതി കടന്നുകയറുന്നു എന്ന ആരോപണം തങ്ങൾ നേരിടുന്നതായും ഹർജി പരിഗണിക്കവേ ജസ്റ്റീസ് ഗവായ് കൂട്ടിച്ചേർത്തു.
നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർമാർ വൈകിക്കുന്നതിനെതിരേ നിലപാട് സ്വീകരിച്ച സുപ്രീംകോടതി ഉപരാഷ്ട്രപതി അടക്കമുള്ളവരിൽനിന്നു പരോക്ഷ വിമർശനം നേരിട്ടിരുന്നു. ഇതടക്കമുള്ള വിഷയം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് ഗവായ് വിമർശനം ഉന്നയിച്ചത്.
യാതൊരു പരിശോധനയും കൂടാതെയാണ് അശ്ലീല ഉള്ളടക്കങ്ങൾ ഓണ്‍ലൈനുകളിൽ ലഭ്യമാകുന്നതെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതു ശരിവയ്ക്കുന്ന നിലപാടാണ് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും കോടതിയിൽ സ്വീകരിച്ചത്. കുട്ടികളടക്കം ഇത്തരം ഉള്ളടക്കങ്ങളുടെ ഇരകളാകുന്നുണ്ട്.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ ചില പതിവുപരിപാടികളിൽ ഉപയോഗിക്കുന്ന ഭാഷകൾപോലും വികൃതമാണ്. 18 വയസിനു മുകളിൽ പ്രായമുണ്ടാകണം എന്നതു മാത്രമാണ് ഇത്തരം ഉള്ളടക്കങ്ങൾ കാണാനുള്ള ഏക മാനദണ്ഡം. കുട്ടികളടക്കം ഇത്തരം ഉള്ളടക്കം നിറഞ്ഞ പരിപാടികൾ കാണാൻ സാധ്യതയുണ്ടെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു.