പത്മ പുരസ്കാരങ്ങൾ സമ്മാനിച്ചു
Tuesday, April 29, 2025 2:50 AM IST
ന്യൂഡൽഹി: പത്മ പുരസ്കാരങ്ങൾ രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു. രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ മലയാളികളായ ഒളിന്പ്യൻ പി.ആർ. ശ്രീജേഷ്, ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, സിനിമാതാരവും നർത്തകിയുമായ ശോഭന തുടങ്ങിയർ രാഷ്ട്രപതിയിൽനിന്നു രാജ്യത്തെ മൂന്നാമത്തെ വലിയ സിവിലിയൻ പുരസ്കാരമായ പത്മഭൂഷണ്‍ ഏറ്റുവാങ്ങി.
മലയാളി ഫുട്ബോൾ താരം ഐ.എം. വിജയൻ, കലാകാരി ഓമനക്കുട്ടിയമ്മ എന്നിവർ പത്മശ്രീ പുരസ്കാരവും സ്വീകരിച്ചു. മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ അന്തരിച്ച എം.ടി. വാസുദേവൻ നായർക്കു മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചിരുന്നു. ആകെ ഏഴുപേർക്ക് പത്മവിഭൂഷണും 19 പേർക്ക് പത്മഭൂഷണും 113 പേർക്ക് പത്മശ്രീയും രാഷ്ട്രപതി സമ്മാനിച്ചു.
തമിഴ് സിനിമാതാരം അജിത് കുമാർ, തെലുങ്ക് സിനിമാതാരം നന്ദമൂരി ബാലകൃഷ്ണ എന്നിവരും പുരസ്കാരം ഏറ്റുവാങ്ങിയ പ്രമുഖരാണ്. ഗായകൻ പങ്കജ് ഉദാസിനും മരണാന്തര ബഹുമതിയായി പത്മഭൂഷണ്‍ ലഭിച്ചിരുന്നു.