സേനയ്ക്കു കരുത്തേകാൻ കൂടുതൽ റഫാൽ യുദ്ധവിമാനങ്ങൾ
Tuesday, April 29, 2025 2:50 AM IST
സനു സിറിയക്
ന്യൂഡൽഹി: നാവികസേനയുടെ ശേഷി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഫ്രാൻസിൽനിന്ന് 26 റഫാൽ-എം യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ഫ്രഞ്ച് പ്രതിരോധമന്ത്രി സെബാസ്റ്റ്യൻ ലെകോർണുവും ഒപ്പുവച്ചു. കേന്ദ്ര പ്രതിരോധ സെക്രട്ടറി രാജേഷ് കുമാറിന്റെ സാന്നിധ്യത്തിൽ ഒപ്പിട്ട കരാറിന്റെ പകർപ്പ് ഇരുരാജ്യങ്ങളുടെയും ഉദ്യോഗസ്ഥർ പരസ്പരം കൈമാറി.
63,000 കോടി രൂപയുടെ 22 സിംഗിൾ സീറ്റ് വിമാനങ്ങളും നാല് ഇരട്ടസീറ്റ് വിമാനങ്ങളുമാണ് ഫ്രാൻസിൽനിന്ന് ഇന്ത്യ വാങ്ങുന്നത്. അറ്റകുറ്റപ്പണി, ലോജിസ്റ്റിക് സപ്പോർട്ട്, പരിശീലനം, തദ്ദേശീയമായി ഉപകരണങ്ങൾ നിർമിക്കാനുള്ള സാങ്കേതികവിദ്യ എന്നിവയടക്കമുള്ള പാക്കേജാണു കരാറിലുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി കരാറിനു നേരത്തേ അനുമതി നൽകിയിരുന്നു. വിമാനവാഹിനി കപ്പലുകളായ ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് വിക്രമാദിത്യ തുടങ്ങിയവയിലായിരിക്കും റഫാൽ വിമാനങ്ങൾ വിന്യസിക്കുക.
ഫ്രഞ്ച് പ്രതിരോധമന്ത്രി സെബാസ്റ്റ്യൻ ലെകോർണുവിന്റെ ഡൽഹി സന്ദർശനസമയത്ത് കരാർ ഒപ്പിടാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ അദ്ദേഹം ഇന്ത്യയിൽ എത്താതിരുന്നതിനാൽ ഒപ്പിട്ട കരാർ ഇരുരാജ്യങ്ങളുടെയും ഉദ്യോഗസ്ഥർ പരസ്പരം കൈമാറുകയായിരുന്നു. കരാറനുസരിച്ച് ഇന്ത്യ ഒരു തുക ഫ്രാൻസിന് ആദ്യം കൈമാറും. തുടർന്നായിരിക്കും ആദ്യവിമാനം ഇന്ത്യയിൽ എത്തുക.
റഫാൽ വിമാനങ്ങളുമായി ബന്ധപ്പെട്ട് നാവികസേനാ പൈലറ്റുമാരുടെ പരിശീലനം പൂർത്തിയാക്കുന്നതും ആദ്യവിമാനം കൈമാറുന്നതും ഒരേസമയം ആകുന്ന തരത്തിലായിരിക്കും തുടർനടപടികൾ. 2028 മേയ് മാസത്തോടെ കരാറനുസരിച്ചുള്ള ആദ്യവിമാനം ഇന്ത്യയിൽ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. 2031 ഓടെ 26 വിമാനങ്ങളും ലഭിക്കും.
റഷ്യൻ നിർമിത മിഗ് 29 യുദ്ധവിമാനങ്ങളാണ് ഇന്ത്യയുടെ പക്കൽ നിലവിലുള്ളത്. ഇവയുടെ കാലപ്പഴക്കം പ്രതിരോധപ്രവർത്തനങ്ങളിൽ കാര്യമായ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണു റഫാൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചത്.
കപ്പലുകളിൽനിന്നു പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഇരട്ട എൻജിൻ യുദ്ധവിമാനങ്ങൾ തദ്ദേശീയമായി വികസിപ്പിക്കുന്നതുവരെ നാവികസേനയുടെ ഇടക്കാല സുരക്ഷാ ആവശ്യങ്ങൾ റഫാൽ വിമാനങ്ങൾ നിറവേറ്റും.
ഇന്ത്യ സ്വന്തമായി നിർമിക്കുന്ന ഇരട്ട എൻജിൻ യുദ്ധവിമാനങ്ങളുടെ ഒരു പ്രോട്ടോ ടൈപ്പ് മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് ഇവയുടെ നിർമാണം പുരോഗമിക്കുന്നത്.
ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് നടപടികൾ നിരീക്ഷിക്കാൻ ഇന്ത്യ നേരത്തേതന്നെ തീരുമാനമെടുത്തിന്റെ തുടർച്ചയാണു റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള കരാർ.
കടൽയുദ്ധത്തിൽ ഇന്ത്യയുടെ പ്രഹരശേഷി വർധിപ്പിക്കാനാണ് റഫാൽ വിമാനങ്ങളുടെ മറൈൻ വേരിയന്റായ റഫാൽ-എം വിമാനങ്ങൾ രാജ്യത്തെത്തിക്കുന്നത്. 2023 ജൂലൈയിൽത്തന്നെ റഫാൽ-എം വിമാനങ്ങളെത്തിക്കാൻ പ്രതിരോധമന്ത്രാലയം അനുമതി നൽകിയിരുന്നു. നിലവിൽ വ്യോമസേനയുടെ ഭാഗമായി ഇന്ത്യയുടെ പക്കൽ 36 റഫാൽ യുദ്ധവിമാനങ്ങളുണ്ട്.