പാക് പ്രകോപനം തുടരുന്നു ; കരുതലോടെ ഇന്ത്യ
Sunday, April 27, 2025 2:11 AM IST
ശ്രീനഗര്‍/ന്യൂഡല്‍ഹി: പഹല്‍ഗാമില്‍ 26 ജീവനുകള്‍ നഷ്ടമായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരേ കടുത്ത നടപടികള്‍ തുടരുന്നതിനിടെ കാഷ്മീര്‍ താഴ്വരയില് പരിശോധന ശക്തമാക്കി സുരക്ഷാസേന.
ഭീകരര്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുള്ള നിരവധി കെട്ടിടങ്ങള്‍ നിലംപരിശാക്കിയ സേന വിധ്വംസക പ്രവര്‍ത്തനങ്ങളോടു സഹകരിക്കുന്ന നൂറുകണക്കിനു പേരെ ചോദ്യംചെയ്യാന്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
നിയന്ത്രണരേഖയില്‍ പലയിടത്തും രണ്ടുദിവസമായി ഇരുസൈന്യവും വെടിവയ്പ് നടത്തുന്നുണ്ട്. ആക്രമണത്തിനുപിന്നാലെ വെള്ളിയാഴ്ച സേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ശ്രീനഗറിലെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു.
സംഘര്‍ഷം രൂക്ഷമാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പൂഞ്ചില്‍ നിയന്ത്രണരേഖയ്ക്കു സമീപമുള്ള ഗ്രാമങ്ങളില്‍ ഭൂഗര്‍ഭ അറകള്‍ താമസക്കാര്‍ വൃത്തിയാക്കിത്തുടങ്ങി. ഭീതിയുടെ അന്തരീക്ഷമുണ്ടെങ്കിലും സര്‍ക്കാരിനൊപ്പമാണ് തങ്ങളെന്നാണ് ഗ്രാമവാസികള്‍ ഒന്നടങ്കം പറയുന്നത്. ഭീകരാക്രമണത്തെ കടുത്ത ഭാഷയില്‍ അപലപിച്ച ഗ്രാമീണര്‍ സൈന്യത്തിനും സര്‍ക്കാരിനും പൂര്‍ണപിന്തുണ നല്‍കുമെന്നും വ്യക്തമാക്കി.
അനന്ത്നാഗ് ജില്ലയിൽമാത്രം സംശയകരമായ സാഹചര്യങ്ങളിൽ കണ്ടെത്തിയ 175 പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
നാല് ദിവസമായി പോലീസ്, സൈന്യം, സിആർപിഎഫ്, മറ്റ് ഏജൻസികൾ എന്നിവർ സംയുക്തമായി നടത്തുന്ന തെരച്ചിലിനു പുറമേ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി വാഹനപരിശോധനയും ശക്തമാക്കി.
അനന്ത്നാഗുമായി ചേർന്നുകിടക്കുന്ന മധ്യകാഷ്മീരിലെ ഗന്ദർബാലും കനത്ത ജാഗ്രതയിലാണ്. വനമേഖലകളോടൊപ്പം സംശയം തോന്നുന്ന വീടുകൾ കേന്ദ്രീകരിച്ചും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ശ്രീനഗറിൽ അറുപതോളം പേരെ ചോദ്യംചെയ്തതായി സുരക്ഷാസേന അറിയിച്ചു.
കുപ്വാരയിൽ ഭീകരരുടെ ഒളിസങ്കേതം തകർത്ത സുരക്ഷാസേന വൻതോതിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തു. സെദോരി നളയിലെ വനപ്രദേശത്തായിരുന്നു ഭീകരർ കേന്ദ്രീകരിച്ചിരുന്നത്.
അതിനിടെ, ആക്രമണത്തില്‍ പാക്കിസ്ഥാനു ബന്ധമുണ്ടെന്ന വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സംഭാഷണങ്ങളിലും മുപ്പതിലേറെ വിദേശരാജ്യങ്ങളുടെ സ്ഥാനപതിമാരുമായി ഡല്‍ഹിയില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും നടത്തിയ ചര്‍ച്ചയിലും ഇക്കാര്യം വ്യക്തമാക്കിയതായും കേന്ദ്രം അറിയിച്ചു. പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനും അവര്‍ക്കു മേലുള്ള രാജ്യാന്തര സമ്മര്‍ദം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഇന്ത്യയുടെ നീക്കം.
പഹൽഗാം ആക്രമണത്തെ അതിശക്തമായ ഭാഷയിൽ യുഎൻ അപലപിച്ചത് ഇന്ത്യയുടെ വിജയമായി കണക്കാക്കപ്പെടുന്നു. കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുന്നിലെത്തിക്കണമെന്നും യുഎൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
ആക്രമണം നടത്തിയവരെയും അതിനു പിന്നിൽ പ്രവർത്തിച്ചവരെയും സഹായം നൽകിയവരെയും നിയമത്തിനു മുന്നിലെത്തിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.
കാഷ്മീരിൽ മൂന്ന് ഭീകരരുടെ വീടുകൾ തകർത്തു
ശ്രീനഗർ: ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരുടെ മൂന്നു വീടുകൾകൂടി ജമ്മുകാഷ്മീരിൽ സുരക്ഷാസേന സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് തകർത്തു.
പുൽവാമ ജില്ലയിലെ എഹ്സാൻ ഉൾ ഹഖ് ഷെയ്ഖ്, കുൽഗാമിലെ സാക്കിർ അഹ്മദ്, ഷോപ്പിയാനിലെ ഷാഹിദ് അഹ്മദ് കുട്ടെയ് എന്നിവരുടെ വീടുകളാണ് നിലംപൊത്തിയത്.
പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത ലഷ്കർ ഭീകരരായ ആദിൽ ഥോക്കർ, ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകൾ കഴിഞ്ഞദിവസം തകർത്തിരുന്നു. വ്യാഴാഴ്ച രാത്രി സുരക്ഷാ സൈനികരാണ് വീട് തകർത്തതെന്ന് ആദിലിന്റെ കുടുംബം ആരോപിച്ചിരുന്നു. അതേസമയം, സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചാണു വീട് തകർന്നതെന്ന് പോലീസ് അറിയിച്ചു.