താൻ ഇന്ത്യയുടെ മരുമകള്‍; പാക്കിസ്ഥാനിലേക്കു മടങ്ങില്ലെന്ന് സീമ ഹൈദർ
Sunday, April 27, 2025 2:11 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാൻ പൗരന്മാർ സ്വരാജ്യത്തേക്കു മടങ്ങാൻ കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുന്ന സമയപരിധി അവസാനിച്ചിരിക്കേ, പാക്കിസ്ഥാനിലേക്കു മടങ്ങാൻ വിസമ്മതിച്ച് പബ്ജി പ്രണയത്തിലൂടെ ശ്രദ്ധേയയായ സീമ ഹൈദർ.
താൻ പാക്കിസ്ഥാന്റെ മകളായിരുന്നുവെന്നും എന്നാലിപ്പോൾ ഇന്ത്യയുടെ മരുമകളാണെന്നും പാക്കിസ്ഥാനിലേക്കു മടങ്ങില്ലെന്നും അറിയിച്ചിരിക്കുകയാണ് രണ്ടു വർഷം മുന്‍പ് ദേശീയമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന സീമ ഹൈദർ.
തന്നെ ഇന്ത്യയിൽത്തന്നെ ജീവിക്കാൻ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും ആവശ്യപ്പെടുന്ന വീഡിയോയും സമൂഹമാധ്യമത്തിൽ സീമ പങ്കുവച്ചിട്ടുണ്ട്. സച്ചിനെ വിവാഹം ചെയ്തതിനുശേഷം താൻ ഹിന്ദു മതമാണ് പിന്തുടരുന്നതെന്നും സീമ വീഡിയോയിൽ പറയുന്നു.
കോവിഡ് കാലത്ത് 2019ലാണ് ഓൺലൈൻ ഗെയിമായ പബ്ജി കളിക്കുന്നതിനിടെ ഉത്തർപ്രദേശിലെ നോയിഡ സ്വദേശിയായ സച്ചിനും കറാച്ചി സ്വദേശിനിയായ സീമയും തമ്മിൽ പരിചയപ്പെടുന്നതും പരിചയം പ്രണയത്തിൽ കലാശിക്കുന്നതും.
2023ലാണ് സീമ ഹൈദര്‍ സച്ചിന് മീണയെ തേടി ഇന്ത്യയിലെത്തുന്നത്. കറാച്ചിയിലെ ഗുലാം ഹൈദറിന്റെ ഭാര്യയായിരിക്കേയാണ് ഈ ബന്ധത്തിലുള്ള നാല് മക്കളുമായി നേപ്പാള്‍ അതിർത്തിവഴി സീമ ഹൈദര്‍ ഇന്ത്യയിലെത്തിയത്. തുടർന്ന് നോയിഡയിൽ വീട് വാടകയ്ക്കെടുത്തു താമസിച്ചുവരവെയാണ് അനധികൃതമായി ഇന്ത്യയിലെത്തിയതിന് സീമയെയും ഇവരെ സംരക്ഷിച്ച കുറ്റത്തിന് സച്ചിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
നേപ്പാള്‍ അതിര്‍ത്തി വഴി നിയമവിരുദ്ധമായാണ് സീമ രാജ്യത്തു പ്രവേശിച്ചത്. ഇവര്‍ക്ക് ഇതുവരെയും ഇന്ത്യന്‍ പൗരത്വം ലഭിച്ചിട്ടില്ല. ഇതിനിടെ ഇരുവരും ഹിന്ദുമതാചാരപ്രകാരം വിവാഹം ചെയ്യുകയും ഈ ബന്ധത്തില്‍ കഴിഞ്ഞമാസം സീമ ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തിരുന്നു. ഹിന്ദുമതം സ്വീകരിച്ച താൻ പാക്കിസ്ഥാനിയല്ലെന്നാണ് സീമ ഉയര്‍ത്തുന്ന വാദം.
സീമയ്ക്ക് ഇന്ത്യയില്‍ തുടരാന്‍ സാധിക്കുമെന്നാണ് ഇവരുടെ അഭിഭാഷകന് എ.പി. സിംഗ് പറയുന്നത്. സീമയുടെ പൗരത്വം ഇപ്പോള്‍ അവരുടെ ഭര്‍ത്താവുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. അവര്‍ക്കിപ്പോള്‍ ഒരു മകളുണ്ട്. ഭാരതി മീണ എന്നാണു കുഞ്ഞിന്റെ പേര്. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കേ ഇപ്പോഴത്തെ കേന്ദ്രനിര്‍ദേശം സീമയെ ബാധിക്കില്ലെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടുന്നു.