കേന്ദ്രമന്ത്രിയെ കണ്ടില്ല; അനുമതി കിട്ടാതെ മടങ്ങി
Friday, March 21, 2025 2:05 AM IST
ന്യൂഡൽഹി: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഡൽഹി സന്ദർശനത്തിൽ കല്ലുകടി. സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാരസമരം ആരംഭിച്ച ആശാ പ്രവർത്തകരുടെ വിഷയമടക്കം കേരളത്തിന്റെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയ്ക്കു മുന്നിൽ അവതരിപ്പിക്കുമെന്നു പറഞ്ഞായിരുന്നു വീണ കേരളത്തിൽനിന്നു പുറപ്പെട്ടത്. എന്നാൽ മടങ്ങിയത് കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാതെയാണ്.
മുൻകൂട്ടി നിശ്ചയിച്ചതുപ്രകാരം ക്യൂബൻ പ്രതിനിധി സംഘത്തെ കാണാനായിരുന്നു വീണാ ജോർജ് ഡൽഹിയിലെത്തിയത്. ഇതോടൊപ്പം കേരളത്തിലെ ആരോഗ്യമേഖലയുടെ വിഷയം സംസാരിക്കാൻ നഡ്ഡയുമായുള്ള കൂടിക്കാഴ്ചയ്ക്കു സമയം ചോദിച്ച് രണ്ടു ദിവസം മുന്പ് കത്തയച്ചിരുന്നു. എന്നാൽ, അനുമതി ലഭിച്ചില്ല.
കേന്ദ്രമന്ത്രി തിരക്കായ സാഹചര്യത്തിലായിരിക്കാം കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാതിരുന്നതെന്നും ഇനി അനുമതി ലഭിച്ചാൽ പിന്നീട് ഡൽഹിയിലെത്തി കൂടിക്കാഴ്ച നടത്തുമെന്നും വീണാ ജോർജ് കേരള ഹൗസിൽ മാധ്യമങ്ങളോടു പ്രതികരിച്ചു.
കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി രണ്ടു പ്രാവശ്യം കത്തയച്ചു. ആദ്യകത്ത് ചൊവ്വാഴ്ച പ്രൈവറ്റ് സെക്രട്ടറി മുഖേനയും രണ്ടാമത്തേത് ബുധനാഴ്ച റസിഡന്റ് കമ്മീഷണർ വഴിയും കൈമാറിയതായി വീണ വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രിയുടെ സെക്രട്ടറിക്കാണ് രണ്ടു കത്തുകളും കൈമാറിയത്.