മണിപ്പുരിൽ സുപ്രീംകോടതി ജഡ്ജിമാരുടെ സന്ദർശനം നാളെ
Friday, March 21, 2025 2:05 AM IST
ന്യൂഡൽഹി: കലാപബാധിത പ്രദേശമായ മണിപ്പുരിൽ സുപ്രീംകോടതി ജഡ്ജിമാർ നാളെ സന്ദർശനം നടത്തും.
ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത്, വിക്രം നാഥ്, എം.എം. സുന്ദരേഷ്, കെ.വി. വിശ്വനാഥൻ, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനത്തിനെത്തുന്നത്. ദേശീയ നിയമസഹായ അഥോറിറ്റി മൂൻകൈയെടുത്താണ് ജഡ്ജിമാരുടെ സന്ദർശനത്തിന് അവസരമൊരുക്കിയത്.
നാളെ രാവിലെ ഇംഫാലിലെത്തുന്ന ജഡ്ജിമാർ മെയ്തെയ്, കുക്കി ദുരിതാശ്വാസ ക്യാന്പുകൾ സന്ദർശിക്കും. അക്രമബാധിതമായ മണിപ്പുരിലെ ദുരിതാശ്വാസക്യാന്പുകൾ സന്ദർശിക്കാനുള്ള സുപ്രീംകോടതി ജഡ്ജിമാരുടെ തീരുമാനത്തെ കോണ്ഗ്രസ് നേതാവ് ജയ്റാം രമേശ് സ്വാഗതം ചെയ്തു.
മണിപ്പുരിന്റെ വേദന ഇന്ത്യയുടേതാണെന്നും എന്നാൽ പ്രധാനമന്ത്രി മോദി സന്ദർശിക്കാത്തത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കണമെന്നും ജയ്റാം പറഞ്ഞു. ജഡ്ജിമാരുടെ സന്ദർശനത്തോട് എതിർപ്പില്ലെന്നായിരുന്നു ബിജെപി നേതാവ് ഗൗരവ് വല്ലഭിന്റെ പ്രതികരണം.അതേസമയം, കുക്കി വിഭാഗങ്ങൾ പരസ്പരം ഏറ്റുമുട്ടിയ ചുരാചന്ദ്പുർ ജില്ലയിലെ സംഘർഷത്തിന് അയവില്ല.
കർഫ്യു ഏർപ്പെടുത്തിയ ചുരാചന്ദ്പുരിൽ സ്കൂളുകളും കടകളും ഇന്നലെയും അടഞ്ഞുകിടന്നു. സർക്കാർ ഓഫീസുകളിൽ തീർത്തും ഹാജർ കുറവായിരുന്നു. അക്രമം തടയാനായി സൈനിക, അർധസൈനിക വിഭാഗങ്ങൾ ഫ്ലാഗ് മാർച്ച് നടത്തി.
രണ്ടു വർഷത്തോളമായിട്ടും പുകയുന്ന കലാപമേഖലകളിലേക്ക് ആറ് സുപ്രീംകോടതി ജഡ്ജിമാർ നാളെ സന്ദർശനം നടത്താനിരിക്കെയാണ് ഒരാളുടെ മരണത്തിനിടയാക്കിയ ഹമാർ-സോമി സമുദായങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ചുരാചന്ദ്പുരിനെ സംഘർഷഭരിതമാക്കിയത്. ചൊവ്വാഴ്ച രാത്രിയിലെ ഏറ്റുമുട്ടലിൽ ഹമാർ സമുദായത്തിലെ 51 വയസുകാരനായ ലാൽറോപുയി പഖ്വാംഗ്തെ എന്നയാൾ കൊല്ലപ്പെട്ടു.
സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ രണ്ടു ദിവസത്തിനുശേഷവും സ്ഥിതി സ്ഫോടനാത്മകമാണെന്ന് പോലീസ് അറിയിച്ചു. ദുരിതാശ്വാസക്യാന്പുകളിൽ കഴിയുന്ന കുക്കി ഗോത്രങ്ങളിൽപ്പെട്ട നിരവധി പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റി.
ഹമാർ ഇൻപുയി ജനറൽ സെക്രട്ടറി റിച്ചാർഡിനെ ഞായറാഴ്ച സോമി ജനക്കൂട്ടം ആക്രമിച്ചതിനെത്തുടർന്നായിരുന്നു വെടിവയ്പും കല്ലേറും ഉണ്ടായത്. സോമി സായുധസംഘടനയുടെ പതാക ഉയർത്തിയതിനെച്ചൊല്ലിയുള്ള തർക്കത്തിന്റെ തുടർച്ചയായിരുന്നു ഇത്. സായുധസേനകൾ ഇടപെട്ടാണ് ഏറ്റുമുട്ടിയവരെ പിരിച്ചുവിട്ടത്.