വന്യജീവി ആക്രമണം: ദേശീയ ദുരന്ത നിവാരണ നിയമം ഭേദഗതി ചെയ്യണമെന്ന് ജോസ് കെ. മാണി
Friday, March 21, 2025 2:05 AM IST
ന്യൂഡൽഹി: വന്യജീവി ആക്രമണത്തിൽനിന്ന് മനുഷ്യരെ രക്ഷിക്കാൻ ദേശീയ ദുരന്ത നിവാരണ നിയമം ഭേദഗതി ചെയ്യണമെന്ന് ജോസ് കെ. മാണി എംപി. ഇതു സംബന്ധിച്ച് സ്വകാര്യ ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
സംരക്ഷിത വനഭൂമിക്ക് പുറത്തെ വന്യജീവി ആക്രമണങ്ങളെ ദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ദുരന്തനിവാരണ നിയമത്തിൽ ഭേദഗതി വരുത്തണമെന്നാണ് ബില്ലിലെ ആവശ്യം.
ഇതിനായി സംസ്ഥാന സർക്കാരുകൾ ഉയർത്തുന്ന നിർദേശങ്ങൾ കേന്ദ്രം അംഗീകരിക്കാൻ തയാറാകണം. മനുഷ്യവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന മൃഗങ്ങളിൽനിന്ന് സ്വയരക്ഷയ്ക്ക് വേണ്ടി കൊല്ലാനോ മയക്കുവെടി വയ്ക്കാനോ അനുവദിക്കണമെന്നതും ബില്ലിലെ പ്രധാന ആവശ്യങ്ങളാണ്. അർഹമായ നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥ ചെയ്യണമെന്നും ബില്ലിൽ ആവശ്യപ്പെടുന്നു.