അതിർത്തി പുനർനിർണയം: സ്റ്റാലിന്റെ യോഗം നാളെ
Friday, March 21, 2025 2:05 AM IST
ന്യൂഡൽഹി: ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും സീറ്റുകളുടെ അതിർത്തി പുനർനിർണയത്തിലെ ആശങ്കകൾ ചർച്ച ചെയ്യാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സംഘടിപ്പിക്കുന്ന സംയുക്ത ആക്ഷൻ കമ്മിറ്റി (ജെഎസി) യോഗം നാളെ ചെന്നൈയിൽ നടക്കും.
തമിഴ്നാടിനു പുറമെ കേരളം, കർണാടകം, ആന്ധ്രപ്രദേശ്, തെലുങ്കാന, പശ്ചിമബംഗാൾ, പഞ്ചാബ്, ഒഡീഷ മുഖ്യമന്ത്രിമാരെയും 29 രാഷ്ട്രീയപാർട്ടികളുടെ നേതാക്കളെയുമാണ് ചെന്നൈയിലെ യോഗത്തിലേക്കു ക്ഷണിച്ചിട്ടുള്ളത്.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ, ശിവകുമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കോണ്ഗ്രസ് ഹൈക്കമാൻഡുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്ന് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി വ്യക്തമാക്കി.
ശനിയാഴ്ചത്തെ സ്റ്റാലിന്റെ യോഗത്തിൽ പങ്കെടുക്കുമെന്ന് കേരള കോണ്ഗ്രസ്- എം നേതാവ് ജോസ് കെ. മാണിയും ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രനും അറിയിച്ചു.
ജനസംഖ്യാ വളർച്ച ഫലപ്രദമായി നിയന്ത്രിച്ചതിന് കേരളം, തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതിനു തുല്യമായ ജനസംഖ്യാടിസ്ഥാനത്തിലുള്ള അതിർത്തിനിർണയത്തെ എതിർക്കുകയാണു ജെഎസിയുടെ പ്രധാന അജൻഡ.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പാർലമെന്റിൽ അപ്രസക്തമാക്കുകയും ന്യായമായ അവകാശങ്ങൾ കവരുകയും ചെയ്യുന്നതാണ് അത്തരമൊരു നടപടിയെന്ന് ഡിഎംകെ ചൂണ്ടിക്കാട്ടുന്നു.