ബംഗളൂരു വിമാനത്താവളത്തില്‍ 38.4 കോടിയുടെ കൊക്കെയ്ൻ പിടികൂടി
Friday, March 21, 2025 2:05 AM IST
ബംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൻ കൊക്കെയ്ൻ വേട്ട. ബുധനാഴ്ച രാത്രി വിമാനത്താവളത്തിൽ വന്നിറങ്ങിയ ഘാനയില്‍നിന്നുള്ള ജെന്നിഫർ ആബെ എന്ന യുവതിയില്‍നിന്ന് 38.4 കോടി രൂപ വിലമതിക്കുന്ന 3.186 കിലോഗ്രാം കൊക്കെയ്ൻ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഖത്തർ തലസ്ഥാനമായ ദോഹയിൽനിന്നാണ് യുവതിയെത്തിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിആർഐ ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് ഇവരുടെ കൈവശം മയക്കുമരുന്ന് കണ്ടെത്തിയത്. ഇവരെ അറസ്റ്റ് ചെയ്ത് ചോദ്യംചെയ്തു വരികയാണ്. ബംഗളൂരു നഗരത്തിൽ മയക്കുമരുന്നുമായി വിദേശ പൗരന്മാർ അറസ്റ്റിലാകുന്ന സംഭവം പതിവായിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ കള്ളക്കടത്ത് പ്രവർത്തനത്തില്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെക്കുറിച്ച് ഡിആർഐയും പോലീസും അന്വേഷണം ശക്തമാക്കിയിരിക്കുക യാണ്.