നാഗ്പുർ കലാപം: ഫഹിം ഖാൻ മുഖ്യ ആസൂത്രകനെന്ന് പോലീസ്
Friday, March 21, 2025 2:05 AM IST
നാഗ്പുർ/ബറേലി/ കോൽക്കത്ത: നാഗ്പുരിൽ വർഗീയ കലാപത്തിന് ആഹ്വാനം ചെയ്തത് മൈനോരിറ്റി ഡെമോക്രാറ്റിക് പാർട്ടിയുടെ നാഗ്പുർ യൂണിറ്റ് തലവൻ ഫഹിം ഖാനാണെന്നു പോലീസ്.
ഫഹിം ഖാനും മറ്റ് അഞ്ചുപേരും സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരം പ്രചരിപ്പിച്ച് ലഹളയ്ക്ക് ആളെക്കൂട്ടിയെന്നും നാഗ്പുർ പോലീസ് പറഞ്ഞു. ഫഹിം ഖാനും കൂട്ടാളികൾക്കും എതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണു കേസെടുത്തത്.
അതേസമയം, ഛത്രപതി സാംഭാജി മഹാരാജിന്റെ ജീവചരിത്രം പ്രമേയമാക്കി പുറത്തിറക്കിയ ഛാവാ എന്ന ബോളിവുഡ് സിനിമയിലെ രംഗങ്ങളാണ് കലാപത്തിനു വഴിമരുന്നിട്ടതെന്നും സിനിമ നിരോധിക്കണമെന്നുമാവശ്യപ്പെട്ട് ബറേവിയിലെ മതപണ്ഡിതൻ മൗലാനാ ഷഹാബുദീൻ റസ്വി കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി.
ഹിന്ദുയുവാക്കളെ വഴിതെറ്റിക്കുന്ന ഛാവാ സിനിമയുടെ പ്രദർശനം ഉടൻ നിർത്തിവച്ച് അണിയറ പ്രവർത്തകർക്കെതിരേ കേസെടുക്കണമെന്ന് ഓൾ ഇന്ത്യ മുസ്ലിം ജമാത്ത് പ്രസിഡന്റ് മൗലാന റസ്വി ആവശ്യപ്പെട്ടു. ഇതിനിടെ, സമൂഹമാധ്യമങ്ങളിലെ 230 പ്രൊഫൈലുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക്, എക്സ്, ഇൻസ്റ്റഗ്രാം, യുട്യൂബ് എന്നീ കന്പനികൾക്ക് സൈബർ ക്രൈം ഡിപ്പാർട്ടമെന്റ് നിർദേശം നൽകി.
സിനിമ പുറത്തിറങ്ങിയതിനു പിന്നാലെ മഹാരാഷ്ട്രയിൽ മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നാഗ്പുരിലും മുംബൈയിലും വിഎച്ച്പി പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്.
എന്നാൽ, നാഗ്പുർ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനപ്രകാരം ശവകുടീരത്തിന്റെ ഇരുവശങ്ങളിലും ഇന്നലെ ടിൻ ഷീറ്റ് സ്ഥാപിച്ചു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിലായിരുന്നു നിർമാണജോലികൾ. ടിൻ ഷീറ്റുകൾക്കു ചുറ്റിനും വയർ ഫെൻസിംഗും ഘടിപ്പിച്ചിട്ടുണ്ട്.
തുണികൊണ്ടുള്ള പച്ച നിറത്തിലുള്ള നെറ്റ് ദ്രവിച്ചതിനാലാണ് ടിൻ ഷീറ്റ് ഘടിപ്പിക്കാൻ തീരുമാനിച്ചതെന്നും ഇവിടെ വൃത്താകാരത്തിൽ വേലി നിർമിക്കുമെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ജില്ലാ കളക്ടർ ദിലിപ് സ്വാമി, പോലീസ് സൂപ്രണ്ട് വിനയകുമാർ റാത്തോഡ് എന്നിവർ കഴിഞ്ഞദിവസം ശവകുടീരം സന്ദർശിച്ചിരുന്നു.
ഛത്രപതി സാംബാജി മഹാരാജിന്റെ ജീവചരിത്രം പ്രമേയമാക്കിയ ഛാവാ എന്ന ബോളിവുഡ് ചിത്രം തിയറ്ററുകളിലെത്തിയതിനു പിന്നാലെയാണ് ഔറംഗസേബിനെതിരേ സമൂഹമാധ്യമങ്ങളിലടക്കം വൻ പ്രതിഷേധം അലയടിച്ചത്. കലാപത്തിനു പിന്നാലെ വിശ്വഹിന്ദു പരിഷത്ത്, ബജ്രംഗ് ദൾ സംഘടനകൾക്കെതിരേയും കേസെടുത്തിട്ടുണ്ട്.