സ്വർണക്കടത്ത് കേസ്; വിചാരണ കർണാടകയിലേക്കു മാറ്റുന്നതിൽ താത്പര്യം പ്രകടിപ്പിച്ച് സുപ്രീംകോടതി
Friday, March 21, 2025 2:05 AM IST
ന്യൂഡൽഹി: കേരളത്തിലെ നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണക്കടത്ത് കേസിന്റെ വിചാരണ കർണാടകയിലേക്കു മാറ്റുന്നതിന് വാക്കാൽ താത്പര്യം പ്രകടിപ്പിച്ച് സുപ്രീംകോടതി.
ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ഗുരുതരമായതിനാൽ വിചാരണ കേരളത്തിൽനിന്നു മാറ്റണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച അപേക്ഷയെ എതിർക്കരുതെന്നും ജസ്റ്റീസുമാരായ എം.എം.സുന്ദരേഷ്, രാജേഷ് ബിൻഡൽ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
എറണാകുളത്തെ പ്രത്യേക കോടതിയുടെ പരിഗണനയിലുള്ള സ്വർണക്കടത്ത് കേസിന്റെ വിചാരണ കർണാടകയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് 2022 ലാണ് ഇഡി ട്രാൻസ്ഫർ ഹർജി ഫയൽ ചെയ്തത്. എന്നാൽ, ഹർജി സമർപ്പിച്ച സമയത്തുണ്ടായിരുന്ന ഉത്സാഹം ഇഡിക്ക് ഇപ്പോഴില്ലെന്ന് നേരത്തേ കേസ് പരിഗണിക്കുന്പോൾ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്നലെ വീണ്ടും കേസ് പരിഗണിച്ചപ്പോൾ സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ കപിൽ സിബലും സമാന നിലപാട് ഇഡിക്കെതിരേ ഉന്നയിച്ചു. ട്രാൻസ്ഫർ ഹർജി ഫയൽ ചെയ്യുന്പോൾ ബിജെപി സർക്കാരായിരുന്നു കർണാടകയില്ലെന്നും എന്നാൽ അന്നത്തെ രാഷ്ട്രീയസാഹചര്യമല്ല ഇപ്പോൾ അവിടെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേസിലെ പ്രതികൾക്ക് ഉന്നതബന്ധങ്ങൾ ഉള്ളതിനാൽ സംസ്ഥാന സർക്കാർ കേസന്വേഷണത്തെ സ്വാധീനിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഇഡി ട്രാൻസ്ഫർ ഹർജി സമർപ്പിച്ചത്. അന്വേഷണം ഇപ്പോൾ അവസാനിച്ചതിനാലും കുറ്റപത്രം സമർപ്പിച്ചതിനാലും കേസ് കർണാടകയിലേക്കു മാറ്റേണ്ട ആവശ്യമില്ലെന്ന് കപിൽ സിബൽ കോടതിയിൽ പറഞ്ഞു.
എന്നാൽ ഇഡി ഹർജിയിൽ ഉറച്ചുനിൽക്കുന്നുവെങ്കിൽ വിചാരണ കേരളത്തിൽനിന്നു കർണാടകയിലേക്ക് മാറ്റുന്നതിൽ തടസമില്ലെന്ന് കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട മറ്റു പ്രതികളെക്കൂടി ട്രാൻഫർ ഹർജിയിൽ കക്ഷി ചേർക്കാനും കോടതി ആവശ്യപ്പെട്ടു. കേസിൽ രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും വാദം കേൾക്കും.