ഛത്തീസ്ഗഡിൽ 30 മാവോയിസ്റ്റുകളെ വധിച്ചു; പോലീസുകാരന് വീരമൃത്യു
Friday, March 21, 2025 2:05 AM IST
ബിജാപുർ/കാങ്കേർ: ഛത്തീസ്ഗഡിൽ 30 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ബസ്തർ മേഖലയിലെ ബിജാപുർ, കാങ്കേർ ജില്ലകളിലായിരുന്നു ഏറ്റുമുട്ടൽ. സിപിഐ (മാവോയിസ്റ്റ്സ്) അംഗങ്ങളാണു കൊല്ലപ്പെട്ടത്. ഡിആർജി അംഗമായ പോലീസുകാരൻ വീരമൃത്യു വരിച്ചു.
ബിജാപുരിൽ 26ഉം കാങ്കേറിൽ നാലും മാവോയിസ്റ്റുകളാണു കൊല്ലപ്പെട്ടത്. ബിജാപുരിലെ ഏറ്റുമുട്ടലിനിടെയാണു പോലീസുകാരൻ വീരമൃത്യു വരിച്ചത്. ബിഎസ്എഫ്, ഡിസ്ട്രിക്ട് റിസർവ് ഗാർഡ് (ഡിആർജി), സംസ്ഥാന പോലീസ് എന്നിവ സംയുക്തമായാണു മാവോയിസ്റ്റുകളെ നേരിട്ടത്.
ഇന്നലെ രാവിലെ ഏഴിനാണ് ബിജാപുരിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഗംഗലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ. 26 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെടുത്തു. ആയുധങ്ങളും സ്ഫോടകവസ്തുക്കളും സുരക്ഷാസേന പിടിച്ചെടുത്തു.
കാങ്കേർ-നാരായൺപുർ ജില്ലാ അതിർത്തിയിലാണു രണ്ടാമത്തെ ഏറ്റുമുട്ടൽ നടന്നത്. നാലു മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെടുത്തു.
ഈ വർഷം ഛത്തീസ്ഗഡിൽ 113 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഇവരിൽ 97 പേർ കൊല്ലപ്പെട്ടത് ബസ്തർ ഡിവിഷനിലാണ്.
രാജ്യം മാവോയിസ്റ്റ് മുക്തമാക്കാനുള്ള നീക്കത്തിൽ സുരക്ഷാസേന സുപ്രധാന വിജയം കണ്ടുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അടുത്ത വർഷം മാർച്ച് 31ഓടെ രാജ്യം മാവോയിസ്റ്റ് മുക്തമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.