ദിശ സാലിയാന്റെ മരണം ആദിത്യ താക്കറെയുടെ പങ്ക് അന്വേഷിക്കണമെന്ന് പിതാവ്
Friday, March 21, 2025 2:05 AM IST
മുംബൈ: ജീവനൊടുക്കിയ ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മാനേജരായി പ്രവർത്തിച്ചിരുന്ന ദിശ സാലിയാന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിശയുടെ പിതാവ് സതീഷ് സാലിയൻ ബോംബെ ഹൈക്കോടതിയിൽ ഹർജി നല്കി.
തന്റെ മകൾ കൊല്ലപ്പെട്ടതാണെന്നും സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ഇതിനു ബന്ധമുണ്ടെന്നും സതീഷ് ആരോപിച്ചു. രണ്ടു മരണത്തിലും ശിവസേന നേതാവ് ആദിത്യ താക്കറെയുടെ പങ്ക് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.
2020 ജൂൺ എട്ടിനാണ് താമസിച്ചിരുന്ന കെട്ടിടത്തിന്റെ 14-ാം നിലയിൽനിന്നു വീണ് ദിശ സാലിയാൻ മരിച്ചത്. ആറു ദിവസത്തിനുശേഷം സുശാന്ത് സിംഗ് രജ്പുത്തിനെ ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
തന്റെ പ്രതിച്ഛായ മോശമാക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും കേസിനെ കോടതിയിൽ നേരിടുമെന്നും ആദിത്യ താക്കറെ പ്രതികരിച്ചു.