ലോക ഹാപ്പിനസ് റിപ്പോർട്ടിൽ ഇന്ത്യ 118-ാം സ്ഥാനത്ത്
Friday, March 21, 2025 2:05 AM IST
ന്യൂഡൽഹി: സന്തോഷത്തിനു പല നിർവചനങ്ങളുണ്ടെങ്കിലും 2025ലെ ലോക ഹാപ്പിനസ് റിപ്പോർട്ട് പ്രകാരം ഇന്ത്യക്കാർ അത്ര സന്തോഷവാന്മാരല്ല. ലോക സന്തോഷ ദിനത്തിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ലോകത്തിലെ സന്തോഷവാന്മാരായ രാജ്യങ്ങളുടെ പട്ടികയിൽ 118-ാമതാണ് ഇന്ത്യയുടെ സ്ഥാനം.
കഴിഞ്ഞ വർഷം 126-ാം സ്ഥാനമായിരുന്ന ഇന്ത്യക്ക്. തുടർച്ചയായ എട്ടാം വർഷവും ലോകത്തിലെ ഏറ്റവും സന്തോഷവാന്മാരായ രാജ്യം എന്ന ഖ്യാതി ഫിൻലൻഡ് നിലനിർത്തിയപ്പോൾ സാമൂഹിക- സാന്പത്തിക വെല്ലുവിളികളുണ്ടായിട്ടും പാക്കിസ്ഥാനിലെ ജനങ്ങൾ ഇന്ത്യയേക്കാൾ സന്തുഷ്ടരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 109-ാമതാണ് പാക്കിസ്ഥാന്റെ സ്ഥാനം.
ഓക്സ്ഫഡ് സർവകലാശാലയിലെ വെൽബീയിംഗ് റിസർച്ച് സെന്ററാണ് വാർഷിക റിപ്പോർട്ട് പുറത്തിറക്കിയത്.
ലോക ഹാപ്പിനസ് റിപ്പോർട്ടിൽ സ്കാൻഡിനേവിയൻ രാജ്യങ്ങൾ തന്നെയാണ് വീണ്ടും തലപ്പത്ത്. ഫിൻലൻഡിനു പിന്നാലെ ഡെന്മാർക്ക്, ഐസ്ലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളാണു യഥാക്രമം ആദ്യ നാല് സ്ഥാനങ്ങളിൽ. സ്ത്രീകളുടെയടക്കം മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്ന് ആരോപിക്കപ്പെടുന്ന അഫ്ഗാനിസ്ഥാനാണു പട്ടികയിലെ ഏറ്റവും പിന്നിലുള്ള രാജ്യം.
അതേസമയം ഈ വർഷത്തെ റിപ്പോർട്ടിൽ അമേരിക്ക അവരുടെ ഏറ്റവും മോശം റാങ്കായ 24ലാണ്. കഴിഞ്ഞ രണ്ടു ദശകങ്ങൾക്കിടെ ഒറ്റയ്ക്കിരുന്നു ഭക്ഷണം കഴിക്കുന്ന ആളുകളുടെ എണ്ണം അമേരിക്കയിൽ 53 ശതമാനത്തോളം വർധിച്ചുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രതിശീർഷ ജിഡിപി, സാമൂഹിക പിന്തുണ, ആയുർദൈർഘ്യം, ജീവിതത്തിലെ നിർണായക തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം, ഉദാരത, അഴിമതിയെക്കുറിച്ചുള്ള ധാരണകൾ തുടങ്ങിയ സൂചികകൾ പ്രകാരമാണു റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്.