വാതുവയ്പ് ആപ്പുകൾക്ക് പ്രമോഷൻ; ആറ് സിനിമാ താരങ്ങൾക്കെതിരേ കേസ്
Friday, March 21, 2025 2:05 AM IST
ഹൈദരാബാദ്: തെലുങ്കാനയില്‍ അനധികൃത വാതുവയ്പ് ആപ്പുകള്‍ പ്രമോട്ട് ചെയ്തെന്നാരോപിച്ച് സിനിമ- സോഷ്യല്‍ മീഡിയ താരങ്ങളായ 25 പേർ ക്കെതിരേ പോലീസ് കേസെടുത്തു.
സിനിമ താരങ്ങളായ റാണ ദഗ്ഗുബാട്ടി, പ്രകാശ് രാജ്, വിജയ് ദേവരകൊണ്ട, മഞ്ജുലക്ഷ്മി, പ്രണീത, നിധി അഗര്‍വാള്‍ എന്നിവര്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
വ്യവസായിയായ ഫണീന്ദ്ര ശർമ നല്കിയ പരാതിയെത്തുടര്‍ന്നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ക്കെല്ലാം നോട്ടീസ് നല്കുമെന്നു പോലീസ് പറഞ്ഞു.
ആളുകള്‍ കഠിനാധ്വാനം ചെയ്തു സമ്പാദിച്ച പണം ഈ ആപ്പുകള്‍ തട്ടിയെടുക്കുന്നുവെന്ന് പരാതിക്കാരന് പറഞ്ഞു. അത്തരമൊരു വെബ്സൈറ്റില്‍ നിക്ഷേപിക്കാന്‍ പോകുകയായിരുന്നു താനും. എന്നാല്‍, കുടുംബം മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് പിന്മാറി.
നിരവധി സെലിബ്രിറ്റികളും ഇന്‍ഫ്ലുവന്‍സര്‍മാരും വന്‍ തുകകള്‍ പ്രതിഫലം സ്വീകരിച്ച ശേഷം ഈ നിയമവിരുദ്ധ വാതുവയ്പ് ആപ്പുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് പരാതിക്കാരന് പറഞ്ഞു.
സെലിബ്രിറ്റികളുടെയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരുടെയും സഹായത്തോടെ നിയമവിരുദ്ധമായ ആപ്പുകളും വെബ്സൈറ്റുകളും പ്രമോട്ട് ചെയ്യുന്നുണ്ടെന്ന് എഫ്ഐആറില്‍ പറയുന്നു.