ന്യൂസിലൻഡ് പ്രധാനമന്ത്രി ഇന്ത്യയിൽ; വ്യാപാരബന്ധം വർധിപ്പിക്കും
സനു സിറിയക്
Monday, March 17, 2025 4:31 AM IST
ന്യൂഡൽഹി: ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ സമഗ്രവും പരസ്പര പ്രയോജനകരവുമായ സ്വതന്ത്ര വ്യാപാര കരാറിനായുള്ള (എഫ്ടിഎ) ചർച്ചകൾ ആരംഭിച്ചതായി കേന്ദ്ര വാണിജ്യ മന്ത്രാലയം.
അഞ്ചു ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണ് ഇന്നലെ ഡൽഹിയിലെത്തിയതിനു പിന്നാലെയാണ് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ കരാറിനെക്കുറിച്ച് സമൂഹ മാധ്യമമായ എക്സിലൂടെ പങ്കുവച്ചത്. ന്യൂസിലൻഡ് വ്യാപാര നിക്ഷേപ മന്ത്രി ടോഡ് മക്ലേയുമായി ഗോയൽ ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിനുശേഷമുള്ള ആദ്യ ഇന്ത്യാ സന്ദർശനത്തിനെത്തിയ ലക്സണെ കേന്ദ്ര സഹമന്ത്രി എസ്.പി. സിംഗ് ബാഗേൽ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഇന്നു രാവിലെ രാജ്ഘട്ടിൽ മഹാത്മാ ഗാന്ധിയുടെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയശേഷം ലക്സണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. തുടർന്ന് രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തും.
ഇന്ന് ഡൽഹിയിൽ ആരംഭിക്കുന്ന റെയ്സിന ഡയലോഗിൽ പങ്കെടുക്കാനാണ് ലക്സണ് എത്തിയത്. പരിപാടിയിലെ മുഖ്യാതിഥിയും പ്രഭാഷകനും ലക്സണാണ്. 19, 20 തീയതികളിൽ മുംബൈ സന്ദർശിച്ച ശേഷമാകും മടക്കം. ഇന്നലെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ലക്സണ് നാളെ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം കൂടുതൽ വർധിപ്പിക്കാനാണു തീരുമാനം. വ്യാപാര ബന്ധത്തിനുപുറമെ പ്രതിരോധ സഹകരണം വർധിപ്പിക്കുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്. 2015 നുശേഷം ആദ്യമായാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിനുള്ള ചർച്ച പുനരാരംഭിക്കുന്നത്. വ്യാപാരം, നിക്ഷേപം, ഇരുരാജ്യങ്ങളും തമ്മിലുള്ള സാന്പത്തിക സഹകരണം എന്നിവ വർധിപ്പിക്കാൻ പുതിയ കരാർ സഹായിക്കുമെന്നാണ് കരുതുന്നത്.
വളർന്നുവരുന്ന സാന്പത്തികശക്തി എന്നനിലയിൽ ഇന്ത്യയുമായുള്ള വ്യാപാരബന്ധത്തിന്റെ പ്രാധാന്യം ലക്സണ് നിരവധി തവണ അവർത്തിച്ചിട്ടുണ്ട്. ഉഭയകക്ഷി സഹകരണം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം അടിവരയിട്ടിരുന്നു. ഇന്ത്യയുമായുള്ള വ്യാപാരബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് സന്ദർശനത്തിനുമുന്പ് ന്യൂസിലൻഡിൽ മാധ്യമങ്ങളോടു സംസാരിക്കവേ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. നിലവിൽ 3.1 ബില്യണ് ഡോളറിന്റെ കയറ്റുമതി മാത്രമാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ളത്. ഇത് വർധിപ്പിക്കാനാണ് ഇരുരാജ്യങ്ങളുടെയും നീക്കം.