കച്ചത്തീവ് സെന്റ് ആന്റണീസ് പള്ളിയിലേക്ക് തീർഥാടകപ്രവാഹം
Saturday, March 15, 2025 1:49 AM IST
രാമേശ്വരം: ശ്രീലങ്കയിലെ കച്ചത്തീവ് സെന്റ് ആന്റണീസ് പള്ളിയിലേക്ക് ഇന്ത്യയിൽനിന്നുള്ള തീർഥാടകരുടെ പ്രവാഹം.
രണ്ടുദിവസം നീളുന്ന ആഘോഷങ്ങൾക്കായി നാലായിരത്തോളം ഇന്ത്യൻ തീർഥാടകരാണ് കച്ചത്തീവിൽ എത്തിയത്. ഇന്ന് വിശുദ്ധകുർബാനയ്ക്കുശേഷം ഉച്ചയോടെ ആഘോഷങ്ങൾ സമാപിക്കും. ഇന്നലെ വൈകുന്നേരം ആരംഭിച്ച തിരുക്കർമങ്ങൾക്ക് ഇന്ത്യയിലെയും ശ്രീലങ്കയിലെയും പുരോഹിതർ നേതൃത്വം നൽകി.
ഭക്ഷണവും കുടിവെള്ളവും മുതൽ താത്കാലിക വിശ്രമകേന്ദ്രങ്ങൾവരെ ദ്വീപിൽ ലങ്കൻ നാവികസേന ഒരുക്കിയിട്ടുണ്ട്. തമിഴ്നാടിന്റെ വിവിധഭാഗങ്ങളിൽ നിന്നുമായി 652 സ്ത്രീകളും 92 കുട്ടികളും ഉൾപ്പെടെ 3464 പേരാണ് കച്ചത്തീവിലേക്കു പോകാൻ രജിസ്റ്റർ ചെയ്തിരുന്നത്.
ഇന്ത്യക്കും ശ്രീലങ്കയ്ക്കുമിടയില്‍ രാമേശ്വരത്തിന് സമീപമാണ് 285 ഏക്കര്‍ വിസ്തൃതിയുള്ള ജനവാസമില്ലാത്ത കച്ചത്തീവ്. 1974 വരെ ഇന്ത്യയുടെ ഭാഗമായിരുന്ന ദ്വീപ് പിന്നീട് ശ്രീലങ്കയ്ക്കു കൈമാറുകയായിരുന്നു.