സ്റ്റാർലിങ്ക് കരാർ ട്രംപിന്റെ പ്രീതിക്ക് മോദി ആവിഷ്കരിച്ചത്: കോണ്‍ഗ്രസ്
Friday, March 14, 2025 1:49 AM IST
ന്യൂഡൽഹി: ശതകോടീശ്വരൻ ഇലോണ്‍ മസ്കിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് കന്പനി രാജ്യത്തെ എല്ലാ എതിർപ്പുകളും മറികടന്ന് ഇന്ത്യൻ കന്പനികളുമായി കരാറിലേർപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്.
സ്റ്റാർലിങ്ക് ഇന്ത്യയിൽ വരുന്നതിനോട് ആദ്യം എതിർപ്പുന്നയിച്ചിരുന്ന ജിയോയും എയർടെല്ലും 12 മണിക്കൂർ ഇടവേളയ്ക്കിടയിൽ സ്റ്റാർലിങ്കുമായി കരാറിലെത്തിയെന്ന് ജയ്റാം ചൂണ്ടിക്കാട്ടി.
സ്റ്റാർലിങ്ക് മേധാവി മസ്കിലൂടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രീതി സന്പാദിക്കാൻ മോദി ആവിഷ്കരിച്ച കരാറാണിതെന്ന് അദ്ദേഹം ആരോപിച്ചു. കരാറുമായി ബന്ധപ്പെട്ട് രാജ്യസുരക്ഷയെ ബാധിക്കുന്ന നിരവധി കാര്യങ്ങളുണ്ട്.
ദേശീയ സുരക്ഷയെ ബാധിക്കുന്ന അവസരങ്ങളിൽ ഇന്റർനെറ്റ് കണക്ടിവിറ്റി ഓണും ഓഫും ചെയ്യാനുള്ള അധികാരം സ്റ്റാർലിങ്കിനാണോ അവരുടെ ഇന്ത്യൻ പങ്കാളികൾക്കാണോയെന്നും ജയ്റാം അദ്ദേഹം ചോദിച്ചു.
സ്റ്റാർലിങ്കിന്റെ കടന്നുവരവോടെ മറ്റുള്ള സാറ്റലൈറ്റ് ഇന്റർനെറ്റ് കന്പനികൾക്കും ഇന്ത്യയിൽ അനുമതി നൽകുമോയെന്നും കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപികൂടിയായ ജയ്റാം ചോദിച്ചു.
അതിനിടെ, ഇന്ത്യയിലേക്കുള്ള സ്റ്റാർലിങ്കിന്റെ വരവിനെ സ്വാഗതം ചെയ്തുകൊണ്ട് കേന്ദ്ര വാർത്താവിതരണവകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് സമൂഹമാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്തെങ്കിലും പിന്നീട് നീക്കം ചെയ്തു.
മന്ത്രിയുടെ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ട്, കേന്ദ്രസർക്കാരിന്റെ അന്തിമാനുമതി ലഭിക്കാത്ത സ്റ്റാർലിങ്കിന്റെ ഇന്ത്യയിലേക്കുള്ള വരവ് ഉറപ്പായോയെന്നു പ്രതിപക്ഷ നേതാക്കൾ ചോദിച്ചു.
സ്റ്റാർലിങ്കിന് ഇതുവരെ സർക്കാർ അനുമതിയും സാറ്റലൈറ്റ് സ്പെക്ട്രവും അനുവദിച്ചുനൽകിയിട്ടില്ലെന്നും എന്നാൽ നട്ടെല്ലില്ലാത്ത മോദി മസ്കിനും ട്രംപിനും മുന്നിൽ മുട്ടുമടക്കിയെന്ന് ഐടി മന്ത്രിയുടെ പോസ്റ്റിലൂടെ വ്യക്തമായെന്നും തൃണമൂൽ എംപി സാകേത് ഗോഖലെ വിമർശിച്ചു.