ചോദ്യ പേപ്പർ ചോർച്ച സംവിധാനത്തിന്റെ പരാജയമെന്ന് രാഹുൽ ഗാന്ധി
Friday, March 14, 2025 1:49 AM IST
ന്യൂഡൽഹി: സംവിധാനത്തിന്റെ പരാജയമാണ് രാജ്യത്തു തുടർച്ചയായ പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കു കാരണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
എല്ലാ രാഷ്ട്രീയപാർട്ടികളും സർക്കാരുകളും ഇതിനെതിരേ അഭിപ്രായവ്യത്യാസങ്ങൾ മറന്ന് ഒരുമിച്ചു നിന്ന് കർശന നടപടികൾ സ്വീകരിച്ചാൽ മാത്രമേ ഈ ഗുരുതരമായ പ്രശ്നം ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ആറു സംസ്ഥാനങ്ങളിലായി നടന്ന ചോദ്യപേപ്പർ ചോർച്ച 85 ലക്ഷം വിദ്യാർഥികളെയാണു ബാധിച്ചതെന്നും നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽനിന്ന് ഒന്നും പഠിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ദേശീയ ദിനപത്രത്തിലെ റിപ്പോർട്ട് എക്സിൽ പങ്കുവച്ചുകൊണ്ടാണ് രാഹുൽ വിമർശിച്ചത്.
വിദ്യാർഥികൾ നേരിടുന്ന അപകടകരമായ പത്മവ്യൂഹമായി ചോദ്യപേപ്പർ ചോർച്ച മാറിയെന്നും രാഹുൽ ചൂണ്ടിക്കാട്ടി.കഠിനാധ്വാനികളായ വിദ്യാർഥികളെയും അവരുടെ കുടുംബങ്ങളെയും അനിശ്ചിത്വത്തിലേക്കും സമ്മർദത്തിലേക്കും ഇതു തള്ളിവിടുന്നു.
സത്യസന്ധതയില്ലായ്മ കഠിനാധ്വാനത്തേക്കാൾ നല്ലതാണെന്ന തെറ്റായ സന്ദേശമാണ് പുതിയ തലമുറയ്ക്ക് കൈമാറുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി. പരീക്ഷകളുടെ അന്തസ് വിദ്യാർഥികളുടെ അവകാശമാണ്. എന്തു വിലകൊടുത്തും അതു സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥികളെ പഴിചാരി കേന്ദ്രം
കഴിഞ്ഞ വർഷം നടന്ന ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ വിദ്യാർഥികളെ പഴിചാരി കേന്ദ്രസർക്കാർ.
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് 45 വിദ്യാർഥികൾക്കു പങ്കുണ്ടെന്ന് വ്യക്തമാക്കിയ വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാർ, പരീക്ഷാകേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥർക്ക് ചോദ്യപേപ്പർ ചോർച്ചയിൽ പങ്കുണ്ടോ എന്ന ചോദ്യത്തിന് മൗനം പാലിച്ചു.
അന്വേഷണ ഏജൻസിയായ സിബിഐയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും 45 പ്രതികൾക്കെതിരേ അഞ്ച് കുറ്റപത്രങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി.
യുപിഎ സർക്കാർ ഭരിച്ചിരുന്ന 2006, 2007, 2009 എന്നീ കാലഘട്ടങ്ങളിൽ വിവിധ പ്രവേശന പരീക്ഷകളിൽ ചോദ്യപേപ്പർ ചോർച്ച നടന്നിട്ടുണ്ടെന്നും മജുംദാർ കൂട്ടിച്ചേർത്തു. സുപ്രീംകോടതി നിരീക്ഷിച്ചതുപോലെ വ്യാപക ചോദ്യപേപ്പർ ചോർച്ച നീറ്റ് പരീക്ഷയിൽ സംഭവിച്ചിട്ടില്ലെന്നും കേന്ദ്ര സഹമന്ത്രി വ്യക്തമാക്കി.