അമിതവണ്ണത്തിനെതിരേ പ്രചാരണം; മോഹൻലാൽ അടക്കം പത്തു പ്രമുഖരെ ക്ഷണിച്ച് മോദി
Tuesday, February 25, 2025 2:13 AM IST
ന്യൂഡൽഹി: അമിതവണ്ണത്തിനെതിരേയുള്ള പോരാട്ടത്തിന് ശക്തി പകരാൻ രാജ്യത്തെ പത്തു പ്രമുഖരെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ജമ്മു കാഷ്മിർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, നടൻ മോഹൻലാൽ, തമിഴ് നടൻ ആർ. മാധവൻ, ബോജ്പുരി നടൻ ദിനേശ് ലാൽ യാദവ്, കായികതാരങ്ങളായ മനു ഭാക്കർ, മീരാഭായ് ചാനു, ഗായിക ശ്രേയ ഘോഷാൽ, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി, സാമൂഹ്യപ്രവർത്തകയും എംപിയുമായ സുധാ മൂർത്തി, മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര എന്നിവർക്കാണു പ്രധാനമന്ത്രിയുടെ ക്ഷണം.
അമിതവണ്ണത്തിനെതിരേയുള്ള പോരാട്ടത്തിനും ഭക്ഷണത്തിൽ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നതിനുമായുള്ള പ്രചാരണത്തിനായി രാജ്യത്തെ പത്തു പ്രമുഖരെ സമൂഹമാധ്യമമായ എക്സിലൂടെയാണ് മോദി ക്ഷണിച്ചത്.
അമിതവണ്ണത്തിനെതിരേയുള്ള മുന്നേറ്റം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി താൻ ക്ഷണിച്ച പ്രമുഖരെല്ലാം പത്തുപേരെ വീതം ക്ഷണിക്കണമെന്നും മോദി ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തു വർധിച്ചുവരുന്ന പൊണ്ണത്തടി പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് പ്രതിവാര റേഡിയോ പ്രഭാഷണപരിപാടിയായ "മൻ കി ബാത്തി' ലൂടെ ഞായറാഴ്ച പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചിരുന്നു.
രാജ്യത്ത് എട്ടുപേരിൽ ഒരാൾക്ക് പൊണ്ണത്തടി ഉള്ളതായും കുട്ടികളിൽ ഇതു നാലിരട്ടിയായി വർധിച്ചുവെന്നും മോദി ചൂണ്ടിക്കാട്ടിയിരുന്നു.