സിംഗപ്പൂർ സിറ്റി : ഏഷ്യാ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ട് ഗ്രൂപ്പ് സി മത്സരത്തിൽ സിംഗപ്പൂരിനെതിരെ ഇന്ത്യയ്ക്ക് സമനില. സിംഗപ്പൂർ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി.
ആദ്യ പകുതിയുടെ അധിക സമയത്ത് നേടിയ ഗോളിൽ ഇഖ്സാൻ ഫാൻഡിയിലൂടെ ആതിഥേയർ ലീഡ് നേടി. തൊട്ടുപിന്നാലെ സന്ദേശ് ജിങ്കാൻ റെഡ് കാർഡ് കണ്ട് മടങ്ങിയതോടെ ഇന്ത്യ പത്ത് പേരായി ചുരുങ്ങി. സിംഗപ്പൂരിന്റെ കടുത്ത ആക്രമങ്ങളെ അതിജീവിച്ചാണ് ഇന്ത്യ സമനില നേടിയത്.
ഇന്ത്യൻ പെനാൽറ്റി ബോക്സിലേക്ക് സിംഗപ്പൂർ താരങ്ങൾ പലതവണ ഇരച്ചെത്തിയെങ്കിലും ഇന്ത്യൻ പ്രതിരോധം കോട്ടപോലെ ഉറച്ചു നിന്നു. പത്തുപേരായി ചുരുങ്ങിയ ടീമിൽ പരിശീലകൻ ഖാലിദ് ജമാൽ ഒട്ടേറെ മാറ്റങ്ങളും വരുത്തി. അവസാനം 90-ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. റഹിം അലിയാണ് ഇന്ത്യയ്ക്കായി എതിരാളികളുടെ വലകുലുക്കി.
ഇതോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് സമനില ഉൾപ്പടെ രണ്ട് പോയിന്റുമായി ഇന്ത്യ ഗ്രൂപ്പ് സിയിൽ മൂന്നാമതെത്തി. ബംഗ്ലാദേശിനോട് സമനിലയും ഹോങ്കോങ്ങിനോട് തോൽവിയും ഇന്ത്യ വഴങ്ങിയിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റുള്ള സിംഗപ്പൂർ ഒന്നാം സ്ഥാനത്താണ്.
Tags : india vs singapore afc asian cup 2027