സ്പീക്കർ മൈക്ക് ജോൺസണ് റിപ്പബ്ലിക്കൻ പാർട്ടിയിലെ ഉൾപ്പോരുകൾ അതിജീവിക്കുവാൻ കഴിയുമോ?
ഏബ്രഹാം തോമസ്
Saturday, April 26, 2025 2:34 PM IST
വാഷിംഗ്ടൺ: യുഎസ് സ്പീക്കർ മൈക്ക് ജോൺസണെ പിന്താങ്ങുന്നവർ റിപ്പബ്ലിക്കൻ പാർട്ടിയിൽ കുറയുകയാണ്. താൻ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുകയില്ലെന്ന പ്രഖ്യാപനം നടത്താൻ ജോൺസണെ പ്രേരിപ്പിച്ചതും ഇതായിരിക്കും.
എന്നാൽ ഈ ടെർമിലെ ശേഷിച്ച കാലം പോലും സ്പീക്കറായി ജോൺസണ് തുടരാൻ കഴിയുമോ എന്ന ചോദ്യം പ്രസ്ക്തമായി ഉയരുന്നു. സ്പീക്കറുടെ നടപടികൾ ചോദ്യം ചെയ്തു റിപ്പബ്ലിക്കൻ പാർട്ടിയിലെ തന്നെ സഭാംഗങ്ങൾ ഇടയ്ക്കിടെ മുന്നോട്ടു വരുന്നുണ്ട്.
ട്രംപിനെ പൂർണമായി പിന്തുണക്കുന്നില്ല എന്ന് പ്രസിഡന്റിനോട് അടുത്തവർക്ക് തോന്നുന്നില്ല എങ്കിൽ പാർട്ടി സംവിധാനത്തിൽ വലിയ പരിഗണന ലഭിക്കില്ല എന്ന് പരാതിപ്പെടുന്ന ജിഒപി സഭാംഗങ്ങളുടെ എണ്ണം വർധിച്ചു വരുന്നു.
ട്രംപിനെ പിന്തുണക്കുന്ന ജിഒപി സഭാംഗങ്ങൾക്ക് എംഎസ്എൻബിസി, സിഎൻഎൻ ടെലിവിഷൻ ചാനലുകളിൽ വലിയ സ്വീകാര്യത ലഭിക്കുന്നു എന്ന് എതിർ വിഭാഗം ആരോപിക്കുന്നു.
റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റിയിലും (ആർഎൻസി) കോൺസർവേറ്റിവ് പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയിലും (സിപിഎപിസി) ഇതേ സമീപനം ആണ് തങ്ങൾ നേരിടുന്നത് എന്നും ഇവർ ആരോപിക്കുന്നു.
എങ്കിലും ട്രംപിനെ അനുകൂലിക്കുന്നവർ തുടർച്ചയായി ട്രംപ് കൊണ്ട് വരുന്ന ബില്ലിനെ അനുകൂലിച്ചും എതിർത്തും ചർച്ചകൾ നടത്തുന്നുണ്ട്. ഒരു ബജറ്റ് റീകൺസിലിയേഷൻ ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ചെലവിടലിനെ സംബന്ധിച്ചു നീണ്ട ചർച്ചകളാണ് നടക്കുന്നത്.
ഒരു ഫിലി ബസ്റ്ററിലേക്ക് നീങ്ങുന്നതിനു മുൻപ് ആവശ്യമായ പിന്തുണ ഉറപ്പാക്കേണ്ടതുണ്ട് എന്ന് ജിഒപിക്കു അറിയാം. 2017ൽ അഫോർഡബിൾ കെയർ ആക്ട് റദ്ദാക്കാൻ റിപ്പബ്ലിക്കനുകൾ ശ്രമിച്ചപ്പോൾ മനസിലാക്കിയത് പോലെ ഉദ്ദേശിച്ചത് പോലെ പിന്തുണ ലഭിച്ചില്ല എന്ന് വരാം.
എട്ടു വർഷത്തിന് ശേഷം വീണ്ടും അതെ അവസ്ഥയിലേക്ക് സഭയെ തള്ളി വിടുകയാണോ എന്ന് റിപ്പബ്ലിക്കനുകൾ ആലോചിക്കേണ്ടതുണ്ട്. ഇപ്പോഴും റിപ്പബ്ലിക്കനുകൾ രണ്ടു സഭകളും നിയന്ത്രിക്കുന്നു. എന്നാൽ ആരോഗ്യ പരിരക്ഷയെക്കുറിച്ചു ഒന്നായി ഒരു തീരുമാനം എടുക്കാൻ ഇപ്പോഴും കഴിയുന്നില്ല.
സഭ പാസാക്കിയ ബജറ്റ് റസൊല്യൂഷൻ ഏവർക്കും ബാധകം അല്ല. എന്നാൽ ഇത് ഒരു ഒത്തുതീർപ്പു നടപടി എന്ന നിലയിൽ സർവപ്രധാനമായ ചുവടുവയ്പ്പ് ആണ്. തുടർന്ന് വന്ന സെനറ്റിലെ പ്രമേയം ഇതനുസരിച്ചുള്ളതായിരുന്നില്ല. കുറഞ്ഞ നികുതി എന്ന ലക്ഷ്യത്തിലേക്ക് റിപ്പബ്ലിക്കൻ പാർട്ടി എങ്ങനെ എത്തിച്ചേരും എന്ന് ഇപ്പോഴും നിശ്ചയമില്ലാത്ത അവസ്ഥയിലാണ്.
സമ്പന്നരെ കൂടുതൽ നികുതി നൽകുന്ന അവസ്ഥയിലേക്ക് എത്തിക്കുക വിഷമകരമാണ്. യാഥാസ്ഥിതികാരായ സ്പീക്കർ മൈക്ക് ജോൺസണെ പോലെയുള്ളവർ ഒരു ബാലൻസ്ഡ് ബജറ്റ് വേണമെന്ന് പ്രഖ്യാപിക്കുന്നു.
പക്ഷെ എങ്ങനെ ഈ ലക്ഷ്യത്തിലെത്തും എന്ന് പറയാനാവുന്നില്ല. ഫലമോ മെഡിക്കയ്ഡ് പോലെ വളരെ ജനപ്രിയമായ പദ്ധതികൾ വെട്ടിച്ചുരുക്കി പണം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ചിലർ സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങൾ വരെ നിർത്താനോ നിയന്ത്രിക്കുവാനോ ശ്രമിക്കണമെന്ന് നിർദേശിക്കുന്നുണ്ട്.
ഒപ്പം മെഡിക്കയേറിയിലും നിയന്ത്രണം ശുപാർശ ചെയ്യുന്നു. ഇവയെല്ലാം പൊതുജനങ്ങൾക്ക് തീരെ അസ്വീകാര്യമായിരിക്കും. സഭയിൽ വളരെ നേർത്ത ഭൂരിപക്ഷം മാത്രമുള്ള റിപ്പബ്ലിക്കൻ പാർട്ടിക്ക് ഈ നിർദേശങ്ങൾ സ്വീകരിച്ചാൽ വലിയ വില നൽകേണ്ടി വരും. ബിസിനസ് ക്ലാസിനെയും വർക്കിംഗ് ക്ലാസ്സിനെയും ഒന്ന് പോലെ ഇത് എതിർ ദിശയിലേക്കു നീക്കും.
90 ദിവസത്തേക്ക് ട്രംപ് ഏർപ്പെടുത്തിയ ഫണ്ടിംഗ് ഫ്രീസിന്റെ കാലാവധി അവസാനിക്കുമ്പോൾ ഫ്രീസിംഗ് അവസാനിപ്പിക്കുവാനുള്ള നീക്കത്തിലാണ് യുഎസ് ഡിസ്ട്രിക്ട് ജഡ്ജ് ജോൺ മകോണേൽ. ജഡ്ജ് മക്കോനെലിനെ നിയമിച്ചത് മുൻ പ്രസിഡന്റ് ബാരാക് ഒബാമയാണ്.
ഫണ്ടിംഗ് ഫ്രീസിലെ ഭാഷ അവ്യക്തമാണ് എന്നാണ് മക്കോനെലിന്റെ കണ്ടെത്തൽ. ഫണ്ടിംഗ് ഫ്രീസിനെതിരെ ഒരു റെസ്ട്രൈനിംഗ് ഓർഡർ നൽകാനാണ് താൻ ഉദ്ദേശിക്കുന്നത് എന്ന് ജഡ്ജ് പറഞ്ഞു.
പ്രചാരണ സാമഗ്രികൾ ട്രംപും ഒബാമയും വിൽക്കാൻ ആരംഭിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ട്രംപും മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസും പ്രചാരണ സാമഗ്രികളുടെ വില്പന പല ക്യാമ്പയിനുകളിലൂടെ തുടർന്നിരുന്നു.
ജിഒപി അവരുടെ ധനശേഖരണം പല പല നാമകരണത്തിലൂടെ മുന്നോട്ടു കൊണ്ട് പോകുകയാണ്.
ഇതിനിടയിൽ പ്രസിഡണ്ട് 'ട്രംപ് ഒഫീഷ്യൽ 2028' തൊപ്പികളും വിൽക്കാൻ ആരംഭിച്ചു. 50 ഡോളറാണ് ഒരു തൊപ്പിയുടെ വില.
ഒബാമയുടെ പ്രചാരണ സംഘവും ധനസമാഹരണത്തിൽ പിന്നിലല്ല. 'ഒബാമ 28' തൊപ്പികളും വിപണിയിൽ എത്തിയിട്ടുണ്ട്.