ന്യൂഡൽഹി: രാജ്യവ്യാപകമായുള്ള വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) നവംബർ ആദ്യം ആരംഭിക്കുമെന്നു സൂചന. ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടായിട്ടില്ലെങ്കിലും എസ്ഐആർ നടത്തുന്നതിനുള്ള തയാറെടുപ്പുകൾ അടിയന്തരമായി പൂർത്തിയാക്കാൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് (സിഇഒ) തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹിയിൽ സംഘടിപ്പിച്ച എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും സിഇഒമാരുടെ ദ്വിദിന കോണ്‍ഫറൻസിലാണ് പാൻ-ഇന്ത്യൻ എസ്ഐആറിനു തയാറാകാൻ കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്.
കോണ്‍ഫറൻസിൽ കേരളം, തമിഴ്നാട്, ആസാം, ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലെ സിഇഒമാരുമായി നേരിട്ട് ആശയവിനിമയം നടത്തിയതായി കമ്മീഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വിവിധ ഘട്ടങ്ങളിലായി നടക്കുന്ന എസ്ഐആർ അടുത്തവർഷം തെരഞ്ഞെടുപ്പുകൾ നടക്കുന്ന ഈ സംസ്ഥാനങ്ങളിലുൾപ്പെടെയായിരിക്കും ആദ്യം നടപ്പിലാക്കിത്തുടങ്ങുക. എസ്ഐആർ തയാറെടുപ്പുകൾ മുഖ്യ അജൻഡയാക്കിയിരുന്ന കോണ്‍ഫറൻസിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറാണ് അധ്യക്ഷത വഹിച്ചത്.
അവസാന എസ്ഐആറിലെ വോട്ടർമാരുമായി നിലവിലുള്ള വോട്ടർമാരെ മാപ്പ് ചെയ്യാൻ സിഇഒമാർക്കു നൽകിയിരുന്ന നിർദേശങ്ങളുടെ പുരോഗതി കമ്മീഷൻ വിലയിരുത്തി. പാൻ-ഇന്ത്യൻ എസ്ഐആറിന്റെ സമയക്രമവും ചട്ടക്കൂടും അടുത്തയാഴ്ചയോടെ അന്തിമമാകുമെന്നാണു സൂചന. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ എസ്ഐആർ പ്രഖ്യാപിക്കുന്ന ഔദ്യോഗിക വിജ്ഞാപനം ഉടൻതന്നെ കമ്മീഷൻ പുറപ്പെടുവിക്കും.
Tags : SIR Nationwide SIR