ന്യൂഡൽഹി: മലേഷ്യയിലെ ക്വലാലംപുരിൽ ഈ മാസം 26 മുതൽ നടക്കുന്ന 47-ാമത് ആസിയാൻ (അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു പങ്കെടുക്കില്ല. ഉച്ചകോടിയിൽ വെർച്വലായി മാത്രമേ പങ്കെടുക്കുകയുള്ളൂ. ആസിയാൻ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന മലേഷ്യയുടെ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ ഫോണിൽ വിളിച്ചാണ് തനിക്ക് ഓണ്ലൈനായി മാത്രമേ ഉച്ചകോടിയിൽ പങ്കെടുക്കാൻ കഴിയൂവെന്ന് മോദി അറിയിച്ചത്.
ഇന്ത്യയിൽ ദീപാവലി ആഘോഷങ്ങൾ ഇപ്പോഴും പുരോഗമിക്കുന്നതിനാൽ വരാൻ കഴിയില്ലെന്ന് മോദി അറിയിച്ചെന്നാണ് മോദിയുമായുള്ള ഫോണ് സംഭാഷണത്തെ സംബന്ധിച്ച് അൻവർ ഇബ്രാഹിം എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറായിരിക്കും ഇന്ത്യയെ പ്രതിനിധീകരിച്ച് ഉച്ചകോടിയിൽ പങ്കെടുക്കുക.
ട്രംപ് ഉൾപ്പെടെയുള്ള ലോകനേതാക്കൾക്കു ക്ഷണമുള്ള ആസിയാൻ ഉച്ചകോടിയുടെ ഭാഗമായി മോദി-ട്രംപ് കൂടിക്കാഴ്ചയും നടന്നേക്കുമെന്ന് സൂചനയുണ്ടായിരുന്നു. മോദി മലേഷ്യക്കു പോകില്ലെന്നു വ്യക്തമായതോടെ ഇന്ത്യയുടെയും അമേരിക്കയുടെയും ഭരണത്തലവന്മാർ ഈ വർഷം നേരിൽ കാണാനുള്ള സാധ്യതയും മങ്ങി.
അതിനിടെ, ഉച്ചകോടിയിൽ നേരിട്ടു പങ്കെടുക്കാത്ത പ്രധാനമന്ത്രിയുടെ തീരുമാനത്തെ പരിഹസിച്ച് കോണ്ഗ്രസ് നേതാവ് ജയ്റാം രമേശ് രംഗത്തെത്തി. “മോദി പോകാത്തതിന്റെ കാരണം ലളിതമാണ്. അവിടെയുള്ള പ്രസിഡന്റ് ട്രംപ് തന്നെ ഒരു മൂലയിലേക്കൊതുക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല.
ഏതാനും ആഴ്ചകൾക്കുമുന്പ് ഈജിപ്തിൽ നടന്ന ഗാസ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണം അദ്ദേഹം നിരസിച്ചതും കൃത്യമായി ഈ കാരണം കൊണ്ടാണ്”- ജയ്റാം രമേശ് പറഞ്ഞു.
Tags : ASEAN summit Modi attend